ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. പിന്നാലെ പുതിയ രാജാവിന്റെ ആദ്യ പൊതു പ്രഖ്യാപനവും ഉണ്ടാകും.

കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്നാണ് ഈ പ്രഖ്യാപനം ചാൾസ് നടത്തുക. പിന്നാലെ ഹൈഡ്ഡ് പാർക്കിലും ടവർ ഓഫ് ലണ്ടനിലും ഗൺസല്യട്ടും ഉണ്ടാകും. ഒരു മണിക്കൂറിനുശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിൽ രണ്ടാമത്തെ പ്രഖ്യാപനവും നടത്തും. സ്കോട്‌ലൻഡിലും വെയ്ൽസിലും വടക്കൻ അയർലന്‍ഡിലും വെവ്വേറെ വിളംബരങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും.

ചരിത്രത്തിൽ ആദ്യമായി സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്യും. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പൂർണ ചടങ്ങുകൾ നടത്താൻ ധാരാളം ഒരുക്കങ്ങൾ വേണം. വിവിധ ലോകനേതാക്കളും ചടങ്ങിനെത്തും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.

രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂർ നേരം ഉയർത്തിക്കെട്ടും. പിന്നീടും വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.

ബ്രിട്ടിഷ് രാജ്ഞിയായി എലിസബത്ത് തന്റെ 25–ാം വയസിൽ സ്ഥാനമേറ്റെടുക്കുമ്പോൾ നാലു വയസായിരുന്നു അവരുടെ മൂത്ത മകൻ ചാൾസിന്. 70 വർഷങ്ങൾ ആ പദവി വഹിച്ച ശേഷം എലിസബത്ത് രാജ്ഞി കടന്നു പോകുമ്പോൾ അടുത്തതായി ആ സ്ഥാനത്തേക്ക് എത്തുന്നത് ചാൾസ് ഫിലിപ്പ് ആർതർ ജോർജ് എന്ന ‘ചാൾസ് രാജകുമാരൻ’ ആണ്. ബ്രിട്ടീഷ് ചരിത്രത്തിൽ രാജാവ് പദവി ഏറ്റെടുക്കുന്നതിനു മുമ്പ് ‘രാജകുമാരൻ’ പദവിയിൽ ഏറ്റവും കൂടുതൽ കാലം കാത്തിരുന്നതും ചാൾസാണ്. രാജാവാകാൻ തന്റെ ജീവിതകാലം മുഴുവൻ കാത്തിരുന്ന് ഒടുവിൽ 73–ാം വയസിലാണ് അദ്ദേഹത്തെ തേടി ഈ പദവി എത്തുന്നത്. അമ്മ എലിസബത്ത് രാജ്ഞിയുടെയും പിന്നീട് ലോകം മുഴുവൻ ബഹുമാനത്തോടെ കണ്ട ആദ്യ ഭാര്യ, അന്തരിച്ച ഡയാന രാജകുമാരിയുടേയും നിഴലിലായിരുന്നു ചാൾസ് എന്നും. അതേ സമയം, ലോകത്തിന്റെ കണ്ണിൽ ചാൾസ് എപ്പോഴൊക്കെ ചർച്ച ചെയ്യപ്പെട്ടോ അതിൽ മിക്കതും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുന്നതായിരുന്നു. ഡ‍യാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവുമായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ചർച്ചകൾക്കും മാധ്യമ വിചാരണകൾക്കും ഇടയാക്കിയ സംഭവങ്ങൾ. രാഷ്ട്രത്തിന്റെ തലപ്പത്ത് ഇരിക്കുന്നു എങ്കിലും ബ്രിട്ടിഷ് സർക്കാരിന്റെ ഭരണനടത്തിപ്പുകളിൽ രാജകുടുംബത്തിന് കാര്യമായ പങ്കില്ല. എങ്കിലും മികച്ച നയതന്ത്രജ്‍‍‍ഞതയോടെ ബ്രിട്ടന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞിരുന്നു എന്ന വിലയിരുത്തലുകളുണ്ട്. എന്നാൽ ഈ പദവിയിലേക്ക് ചാൾസ് വരുമ്പോൾ ഏതൊക്കെ വിധത്തിലാവും കാര്യങ്ങൾ മാറുക എന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്.

രാജ്ഞി മരിച്ചു കഴിഞ്ഞാൽ അടുത്ത അവകാശി എന്ന നിലയിൽ ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ രാജാവ് പദവി ചാൾസിൽ വന്നു ചേരും. എന്നാൽ ഈ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നിരവധി നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ട ഒന്നുമാണ്. പ്രിൻസ് ഓഫ് വെയിൽസ് എന്നായിരുന്നു ചാൾസ് ഇത്രകാലവും അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ചാള്‍സ് മൂന്നാമൻ രാജാവ് (കിങ് ചാൾസ് III) എന്നാണ് അറിയപ്പെടുക. തന്റെ പേരിലുള്ള ചാൾസ്, ഫിലിപ്പ്, ആർതർ, ജോർജ് ഇതിൽ ഏതു പേര് വേണമെങ്കിലും സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കും. എങ്കിലും ചാൾസ് എന്ന പേരു തന്നെയാണ് അദ്ദേഹം സ്വീകരിക്കുക എന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജാവ് പദവിയിൽ അവരോധിക്കപ്പെടുമെങ്കിലും ചാൾസിന്റെ കിരീടധാരണത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1952 ഫെബ്രുവരിയിൽ തന്നെ രാജ്‍ഞിയായി അവരോധിക്കപ്പെട്ടെങ്കിലും അടുത്ത വർഷം ജൂണിലാണ് എലിസബത്തിന്റെ കിരീടധാരണം നടന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നടക്കുക. ചടങ്ങിനൊടുവിൽ കാന്റബറി ആർച്ച്ബിഷപ്പ് 1661–ലെ സ്വർണ കിരീടം ചാൾസിന്റെ തലയിൽ അണിയിക്കും. ഇതോടെ, 2.4 ബില്യനോളം ആളുകൾ വസിക്കുന്ന 56 സ്വതന്ത്ര രാജ്യങ്ങള്‍ ചേർന്ന കോമൺവെൽത്തിന്റെ തലവനായും ചാൾസ് മാറും. ഇതിൽ തന്നെ യുകെയും ഓസ്ട്രേലിയയും ന്യൂസീലൻ‍ഡും കാനഡയും ഉൾപ്പെടെ 14 രാഷ്ട്രങ്ങളുടെ തലവനുമാണ് അദ്ദേഹം.

ചാൾസിന്റെ ഭാര്യയായ കാമിലയുടെ പദവി ഇനി ക്യൂൻ കൺസോർട്ട് എന്നായി മാറും.‌ രാജാവിന്റെ ഭാര്യക്ക് നൽകുന്ന പദവിയാണിത്. ഈ പദവി കാമിലയ്ക്ക് നൽകാൻ അടുത്തിടെയാണ് എലിസബത്ത് രാജ്ഞി അനുമതി നൽകിയത്. ചാൾസ് രാജാവായ സാഹചര്യത്തിൽ മൂത്ത മകനായ വില്യം രാജകുമാരനായിരിക്കും അടുത്ത പ്രിൻസ് ഓഫ് വെയിൽസ് ആവുക. അദ്ദേഹത്തിന്റെ മക്കൾക്കായിരിക്കും രാജപരമ്പരയിൽ ആദ്യ സ്ഥാനങ്ങൾ ലഭിക്കുന്നതും.

അമേരിക്കയും ബ്രിട്ടനും ദശകങ്ങളായി വളർത്തിയെടുത്തിട്ടുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ എലി‍സബത്ത് രാജ്ഞിക്ക് വലിയ പങ്കുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്താതിരിക്കാൻ അവർ ശ്രമിച്ചു. എന്നാൽ ചാൾസ് അതിൽ നിന്ന് വ്യത്യസ്തനാണ്. അമേരിക്കയുടെ 14ൽ 13 പ്രസിഡന്റുമാരുമായും എലിസബത്ത് രാജ്ഞി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുകെയിലെത്തിയ പ്രസി‍ഡന്റുമാരൊക്കെ അവരുടെ മികച്ച ആതിഥ്യം അനുഭവിച്ചിട്ടുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളിലൊരാളാണ് എലിസബത്ത് രാജ്ഞിയെന്നാണ് മുൻ അമേരിക്കൻ പ്രസിഡ‍ന്റ് ബരാക് ഒബാമ ഒരിക്കൽ അവരെ വിശേഷിപ്പിച്ചത്. എന്നാൽ ചാൾസിന് ലോകതലവന്മാരുമായി ഇതേ ബന്ധം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ചർച്ച നടക്കുന്നുണ്ട്.

രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നതും രാജ്യം ഭരിക്കുന്ന സർക്കാരിനെ നയിക്കുന്നതും രണ്ടാണെന്ന ബോധ്യത്തോടെയാണ് എലിസബത്ത് രാജ്ഞി പെരുമാറിയിരുന്നത് എന്നാണ് അവരെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നത്. ഭരണകാര്യങ്ങളിൽ ഇടപെടാതിരുന്ന ശീലമായിരുന്നു എലി‍സബത്ത് രാജ്ഞിയുടേത് എങ്കിൽ ചാൾസ് ഇത്തരത്തിൽ ഇടപെട്ടിട്ടുള്ള കാര്യങ്ങൾ പിന്നീട് പുറത്തു വന്നിട്ടുണ്ട്. 2006–ൽ ഗാര്‍ഡിയൻ ദിനപത്രത്തിലെ ഒരു ലേഖകൻ ചാൾസ് സര്‍ക്കാരിന് നൽകിയ കത്തുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്തു വർഷത്തോളം നീണ്ട നിയമയുദ്ധത്തിൽ നാലു ലക്ഷം പൗണ്ടോളം ചെലവഴിച്ച് ഈ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഒടുവിൽ ഈ വിവരങ്ങൾ പുറത്തു വിടുക തന്നെ വേണ്ടി വന്നു. തന്റെ പദവിക്കൊപ്പം ലോകത്തെ നിർണായക വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും നടത്തുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇതെങ്ങനെ കാണും എന്നതനുസരിച്ചിരിക്കും ചാൾസിന്റെ ജനപ്രീതി.

രാജാവായതിനു ശേഷം പരിസ്ഥിതിവാദവുമായി ബന്ധപ്പെട്ട തന്റെ പതിവ് രീതികൾ തുടരുമോ എന്ന ചോദ്യത്തോട് ചാൾസ് ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെ, ‘ഞാനത്ര വിഡ്ഢിയല്ല. രാജാവായിരിക്കുന്നതും പിന്തുടർച്ചാവകാശിയായിരിക്കുന്നതും രണ്ടും രണ്ടാണ്’ എന്നാണ്. ഭരണകാര്യങ്ങളിൽ കൈകടത്താൻ ചാൾസ് തയാറാകില്ല എന്നു വിശ്വസിക്കുന്നവരാണ് കൂടുതലും. എന്നാൽ രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ ലോബിയിങ് ശേഷി അദ്ദേഹത്തിന് കൂടുമെന്ന് കരുതുന്നവരുമുണ്ട്.

ചാൾസ് കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ വളരെ പുരോഗമനാത്മകമായ നിലപാട് സ്വീകരിച്ചു കൊണ്ട് നിരന്തരമായി ഈ വിഷയത്തിൽ ഇടപെടാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തന്റെ 21–ാമത്തെ വയസിൽ തന്റെ വലിയ പ്രസംഗങ്ങളിലൊന്ന് ചാൾസ് നടത്തിയത് പ്ലാസ്റ്റിക്, ജനസംഖ്യാ വർധനവ്, അന്തരീക്ഷ മലിനീകരണം എന്നീ വിഷയങ്ങളിലാണ്. ആ പ്രസംഗം 1970–കളിലാണെങ്കിൽ 2008–ൽ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ചാൾസ് പ്രസംഗിച്ചത് ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ നശീകരണ ക്ലോക്ക് അടിച്ചു തുടങ്ങിയിരിക്കുന്നു’ എന്നാണ്. ഇതിനെ നേരിടാൻ സ്വകാര്യ, പൊതുമേഖല, സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇതേ ആശങ്കകൾ ചാൾസ് പങ്കുവച്ചു. 2021–ലെ ജി–20 യോഗത്തിൽ വച്ച് യുവാക്കൾ ഉയർത്തുന്ന ആശങ്കകൾക്ക് ലോകം ചെവികൊടുക്കണമെന്ന് ചാൾസ് ആവശ്യപ്പെട്ടു.

ഇതുപോലെ ചാൾസ് ഇടപെടുന്ന മറ്റൊരു മേഖലയാണ് ചാരിറ്റി. വിദ്യാഭ്യാസ മേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 11 മുതൽ 30 വയസ്സു വരെയുള്ളവരെ സഹായിക്കാനായി നടത്തുന്ന ദി പ്രിൻസസ് ട്രസ്റ്റ് ആണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രശസ്ത നടനും നിർമാതാവുമായ ഇദ്രിസ് എൽബ ഇത്തരത്തിൽ സഹായം ലഭിച്ച വ്യക്തികളിലൊരാളാണ്.

ഡ‍യാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവും ആദ്യകാലത്തു തന്നെ ചാൾസിന്റെ പ്രതിച്ഛായയിൽ നിഴൽ വീഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിൽ നിന്ന് പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് 28 ശതമാനം ആളുകളും എലിസബത്ത് രാജ്ഞിയെ ഇഷ്ടപ്പെടുന്നവരാണെന്ന് പറയുമ്പോൾ ചാൾസിനെ ഇഷ്ടപ്പെടുന്നത് വെറും ഏഴു ശതമാനം പേർ മാത്രമാണ്. ഡയാനയുമായുള്ള ബന്ധത്തകർച്ച തന്നെയാണ് ഇതിനു പിന്നിലെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തൽ. 38 ശതമാനം പേരായിരുന്നു ഡയാനയെ ഇഷ്ടപ്പെടുന്നവർ എന്നതും ഇതിന്റെ തെളിവായിരുന്നു. ചാൾസിന്റെ മക്കളും അവരുടെ ഭാര്യമാരും ചാൾസിനെക്കാളും ഭാര്യ കാമിലയേക്കാളും ജനപ്രീതിയുള്ളവരാണ്. അഞ്ചു ശതമാനം പേർ കാമിലയെ ഇഷ്ടപ്പെടുന്നവരായി ഉള്ളപ്പോൾ ചാൾസിന്റെ മുത്ത മകനും ഇപ്പോഴത്തെ കിരീടാവകാശിയുമായ വില്യത്തെയും ഹാരിയേയും 19 ശതമാനം പേർ വീതം ഇഷ്ടപ്പെടുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് വരുന്നതിലും തങ്ങൾ ഇഷ്ടപ്പെടുന്നത് 40–കാരനായ വില്യത്തെയാണെന്നും ഈ സർവേ ചൂണ്ടിക്കാട്ടിയിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ നിരവധി കാര്യങ്ങളിൽ മാറ്റം വരും. ബ്രിട്ടിഷ് നാണയങ്ങളിലും കറൻസികളിലും ഇനി എലിസബത്തിനു പകരം രാജാവായ ചാൾസിന്റെ ചിത്രങ്ങളായിരിക്കും മുദ്രണം ചെയ്യുക. യുകെയുടേത് മാത്രമല്ല, ബ്രിട്ടിഷ് രാജാവ്/രാജ്ഞിയെ തങ്ങളുടെ രാഷ്ട്രത്തിന്റെ തലപ്പത്ത് അംഗീകരിച്ചിട്ടുള്ള ‌കോമൺവെൽത്ത് രാജ്യങ്ങളുടെയൊക്കെ ചില കറൻസികളിലും മാറ്റം വരും. അതുപോലെ ബ്രിട്ടനിലെ സ്റ്റാമ്പുകളിൽ ഉള്ള എലിസബത്ത് രാജ്ഞിക്ക് പകരം ഇനി ചാൾസ് രാജാവിന്റെ രൂപമായിരിക്കും ഉൾപ്പെടുത്തുക.

37–കാരനായ ഇളയ മകൻ ഹാരിയും ഭാര്യയും ഹോളിവു‍‍ഡ് താരവുമായിരുന്ന മേഗൻ മാർക്കലും രാജപദവി കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സാധാരണ ജീവിതം നയിക്കുകയാണ്. മേഗന്റെ മാതാവിന്റേത് ആഫ്രിക്കൻ–അമേരിക്കൻ പാരമ്പര്യവും പിതാവിന്റേത് ഡച്ച്–ഐറിഷ് പാരമ്പര്യവുമാണ്.

‌പ്രധാന മാറ്റങ്ങളിലൊന്നായിരിക്കും ബ്രിട്ടിഷ് ദേശീയഗാനത്തിന് സംഭവിക്കുക. ‘ഗോഡ് സേവ് ദി ക്വീൻ’ എന്നായിരുന്നു ബ്രിട്ടിഷുകാർ 1952 മുതൽ ആലപിച്ചിരുന്നത് എങ്കിൽ ഇനി മുതൽ അത് ‘ഗോഡ് സേവ് ദി കിങ്’ എന്നായി മാറും. ബ്രിട്ടിഷ് പാസ്പോർട്ടിലെ വാക്കുകളിലും ഇനി മുതൽ മാറ്റം വരും. ബ്രിട്ടിഷ് പാസ്പോർട്ടുകൾ അനുവദിക്കുന്നത് രാജാവിന്റെ/രാജ്ഞിയുടെ പേരിലാണ്. ഇതാണ് ഇനി ചാൾസ് രാജാവിന്റെ പേരിലേക്ക് മാറ്റേണ്ടത്. അതുപോലെ ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ് പാസ്പോർട്ടുകളിലും ഈ മാറ്റം കൊണ്ടുവരേണ്ടി വരും.

എലിസബത്ത് രാജ്ഞിയുടെ സുരക്ഷ‌യ്ക്കായി ബക്കിങ്ങാം കൊട്ടാരത്തിന് പുറത്തു കാണുന്ന ‘ദി ക്വീൻസ് ഗാർഡി’ന്റെ പേരും ഇനി മാറ്റേണ്ടി വരും. നിയമ, സൈനിക, പൊലീസ് സംവിധാനങ്ങളിലും സര്‍ക്കാർ വകുപ്പുകളിലുമൊക്കെ ഇത്തരത്തിൽ രാജ്ഞിയിൽ നിന്ന് രാജാവിലേക്കുള്ള മാറ്റം വരുത്തേണ്ടതുണ്ട്. രാജാവായതോടെ. ബ്രിട്ടിഷ് ആംഡ് ഫോഴ്സസ്, ജു‍‍‍ഡീഷ്യറി, സിവിൽ സർവീസിന്റെ ഒക്കെ തലപ്പത്ത് ചാൾസാവും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവർണറും ചാൾസാണ്.

‘നിങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ല എങ്കിൽ ആളുകൾ പരാതി പറയുന്നത് അതിനെക്കുറിച്ചാവും. എന്നാൽ നിങ്ങൾ എന്തെങ്കിലും ചെയ്യുകയോ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അതിനെക്കുറിച്ചും പരാതി പറയാൻ ആളുണ്ടാവും’, എന്നാണ് തനിക്ക് നേർക്കുണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ച് ചാൾസ് ഒരിക്കൽ പ്രതികരിച്ചത്.

1969–ലാണ് ചാൾസിനെ എലിസബത്ത് രാജ്‍ഞിയുടെ പിൻഗാമിയായി വാഴിക്കുന്ന ചടങ്ങ് നടന്നത്. കേംബ്രിഡ്ജിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാൾസ് തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടർന്ന് സൈനിക കാര്യങ്ങളിലും പരിശീലനം നേടി. 1981 ജൂലൈ 29–നായിരുന്നു ഡയാന സ്പെൻസറുമായുള്ള വിവാഹം. ഇതോടെ ഡയാന പ്രിൻസസ് ഓഫ് വെയ്ൽസ് എന്ന പദവിയിലെത്തി.

1977 മുതൽ ആരംഭിച്ച പരിചയവും പ്രണയവുമാണ് ചാൾസ്–ഡയാന വിവാഹത്തിലെത്തിയത്. 1981 ജൂലൈ 29–ന് ചാൾസ് രാജകുമാരനും ഡയാന സ്പെൻസറുമായുള്ള വിവാഹം ലോകമൊട്ടാകെ 75 കോടി ജനങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്. രാജകീയ ദമ്പതികളെ ഒരുനോക്കു കാണാനായി ആറു ലക്ഷത്തോളം പേർ ലണ്ടനിലെ നിരത്തുകളിലും ഉണ്ടായിരുന്നു. ഡയാന, ഡ‌യാന രാജകുമാരിയായി മാറിയതോടെ ലോകത്തിന്റെ ശ്രദ്ധ അവരിലായി. അവർക്ക് ആരാധകരും കൂടി. വിവാഹത്തിന് രണ്ടു വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും യാത്ര പോയ ദമ്പതികളിൽ ഡയാനയെ കാണാൻ ജനങ്ങൾ കൂട്ടത്തോടെ എത്തി. തന്നെ കാണാനല്ല, തന്റെ ഭാര്യയെ കാണാനാണ് അവർ വരുന്നത് എന്ന് അപ്പോൾ ചാൾസ് പറഞ്ഞതായി അന്നത്തെ റിപ്പോർട്ടുകൾ പറയുന്നുണ്ട്. രണ്ടാമത്തെ കുട്ടിയായി ഒരു പെൺകുഞ്ഞിനെ ആയിരുന്നു ചാൾസ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ ഹാരിയുടെ ജനനത്തോടെയാണ് തങ്ങൾ അകന്നു തുടങ്ങിയതെന്നും ഡയാന പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. 1986–ൽ ഇരുവരും വെവ്വേറെ താമസവും തുടങ്ങിയിരുന്നു. കാമില പാർക്കറുമായുള്ള ചാൾസിന്റെ ബന്ധം പുറത്തറിയുന്നതും ഈ സമയത്താണ്. ഡയാനയ്ക്കും ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉള്ളതായും അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

1989–ൽ ഡയാന കാമിലയുമായി കൊമ്പുകോർത്ത സംഭവവും ഉണ്ടായി. ‘എനിക്കറിയാം നിങ്ങൾക്കും ചാൾസിനുമിടയിൽ എന്താണ് നടക്കുന്നത് എന്ന്. അത് നിങ്ങൾ അറിഞ്ഞിരിക്കാനായി പറയുന്നതാണ്’, എന്നായിരുന്നു ഡയാനയുടെ വാക്കുകൾ. ഇതിനിടെ, തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഡയാന, ജയിംസ് ഗിൽബെ എന്ന സുഹൃത്തിനോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഒരു ബ്രിട്ടിഷ് ടാബ്ലോയിഡ് പുറത്തുവിട്ടു. 1992 ഡിസംബർ 10–ന് തങ്ങൾ വേർപിരിയുന്നതായി ഇരുവരും പ്രസ്താവിച്ചു. ഇരുവരും ചേർന്നെടുത്ത തീരുമാനമാണിതെന്നും കുട്ടികളുടെ കാര്യത്തിൽ ഇരുവരും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ജോൺ മേജർ വ്യക്തമാക്കി.

‘ഞങ്ങളുടെ ബന്ധത്തിൽ മൂന്നു പേരുണ്ടായിരുന്നു. വിവാഹത്തിൽ അതിത്തിരി കൂടുതലാണ്’, 1985–ൽ ബിബിസിയുമായുള്ള ഒരു അഭിമുഖത്തിൽ ചാൾസും കാമിലയുമായുള്ള ബന്ധത്തെക്കുറിച്ച് ഡയാന തുറന്നടിച്ചു. തനിക്കും ഇത്തരം ബന്ധങ്ങളുണ്ടായെന്നും ഡിപ്രഷൻ അടക്കമുള്ള തന്റെ രോഗാവസ്ഥയെക്കുറിച്ചും ഡയാന അന്നു പറഞ്ഞിരുന്നു. ഒപ്പം, രാജാവാകാൻ ചാൾസ് യോഗ്യനല്ലെന്ന പരാമർശവും അവരിൽ നിന്നുണ്ടായി. ഇതിന് ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്താൻ എലിസബത്ത് രാജ്ഞി അനുവാദം നൽകി. 1996 ഓഗസ്റ്റിൽ ഇരുവരും നിയപരമായി പിരിഞ്ഞു. ഇതിന് ഒരു വർഷത്തിനുള്ളിൽ, 1997 ഓഗസ്റ്റ് 31–ന് പാരീസിലുണ്ടായ കാറപടകത്തിൽ ഡയാന കൊല്ലപ്പെട്ടു. ഇതിന് എട്ടു വർഷത്തിനു ശേഷമാണ്, 2005–ൽ, ചാൾസ് കാമിലയെ വിവാഹം കഴിക്കുന്നത്.

ലോകം മാറി വരുന്ന സാഹചര്യത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തിന് എത്രത്തോളം നിലനിൽപ്പുണ്ട് എന്ന വാദം പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്നാൽ മാറുന്ന കാലത്തിന് അനുസഹിച്ച് രാജഭരണത്തെ ആധുനികവത്ക്കരിക്കാൻ ചാൾസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ കാര്യങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കാതിരിക്കാനും അതിനോടൊന്നും പ്രതികരിക്കാതിരിക്കാനും എലിസബത്ത് രാജ്ഞി ശ്രമിച്ചിരുന്നു. മക്കളുടെ വിവാഹ മോചനം തന്നെയയായിരുന്നു ഇതിൽ ഒരു കാര്യം. അതിലെ ഏറ്റവും വിവാദമായ എപ്പിസോഡ‍ായിരുന്നു ചാൾസ്–ഡയാന ബന്ധത്തിൽ സംഭവിച്ചത്. ഡയാന മരിച്ചപ്പോൾ പതാക താഴ്ത്തിക്കെട്ടാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവാദമായിരുന്നു.

ഇളയ മകൻ ആൻഡ്രുവിന്റെ പേരിലുയർന്ന ബലാത്സംഗ ആരോപണമായിരുന്നു മറ്റൊന്ന്. അതുവരെ ചാൾസിനേക്കാൾ എലിസബത്ത് രാജ്ഞിക്ക് പ്രിയപ്പെട്ട, യുദ്ധവീരനും മികച്ച പൈലറ്റുമൊക്കയായി അറിയപ്പെട്ടിരുന്ന ആൻഡ്രൂ രാജകുമാരനെതിരെ കേസെടുക്കാൻ മാൻഹാട്ടനിലെ കോടതി ഉത്തരവിട്ടതോടെ ഇയാളുടെ സൈനിക പദവികളും രാജകീയ ആനുകൂല്യങ്ങളും രാജ്ഞി റദ്ദാക്കിയിരുന്നു. കുപ്രസിദ്ധമായ ജെഫ്രി എപ്സ്റ്റീൻ ബലാത്സംഗ കേസിലാണ് ആൻഡ്രു ഉൾപ്പെട്ടത്. ആന്‍ഡ്രുവിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എപ്സ്റ്റീൻ കടത്തിക്കൊണ്ടു വന്നു എന്നായിരുന്നു കേസ്. എപ്സ്റ്റീൻ 2019–ൽ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.

ബക്കിങ്ഹാം കൊട്ടാരത്തിൽ നടന്നിരുന്ന വർണവിവചേനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതും വിവാദമായിരുന്നു. കൊട്ടാരത്തിലെ ക്ലറിക്കൽ ജോലികളിൽ കറുത്ത വംശജരെയും വിദേശികളെയും നിയമിക്കരുതെന്നും വേണമങ്കിൽ വീട്ടുജോലിക്കാരാക്കാം എന്നും 1960–കളിൽ നിർദേശമുണ്ടായിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വന്നത്. ചാൾസ് കഴിഞ്ഞാൽ അടുത്തതായി രാജപദവിയിലെത്തുന്ന മൂത്ത മകൻ 40–കാരനായ വില്യം പിതാവിന്റെ പാതയിൽ ചാരിറ്റിയും സൈനിക സേവനവുമൊക്കെയായി മുന്നോട്ടു പോകുന്നു. ഒപ്പം, അടുത്തതായി രാജാവാകുന്നതിന്റെ ഭാഗമായി കൊട്ടാരം കാര്യങ്ങളും ശ്രദ്ധിക്കുന്നു.

37–കാരനായ ഇളയ മകൻ ഹാരിയും ഭാര്യയും ഹോളിവു‍‍ഡ് താരവുമായിരുന്ന മേഗൻ മാർക്കലും രാജപദവി കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സാധാരണ ജീവിതം നയിക്കുകയാണ്. മേഗന്റെ മാതാവിന്റേത് ആഫ്രിക്കൻ–അമേരിക്കൻ പാരമ്പര്യവും പിതാവിന്റേത് ഡച്ച്–ഐറിഷ് പാരമ്പര്യവുമാണ്. ബ്രിട്ടിഷ് രാജകുടുംബത്തിലെ വർണവിവേചനത്തെ കുറിച്ച് മേഗൻ വെളിപ്പെടുത്തിയതും ഒരുസമയത്ത് വിവാദമായിരുന്നു. തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടി വെളുത്തതായിരിക്കുമോ എന്ന് രാജകുടുംബത്തിലൊരാൾ ‘ആശങ്ക’ പ്രകടിപ്പിച്ചിരുന്നു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ.