കൊച്ചി: ശത്രുക്കളെ നശിപ്പിക്കാനുള്ള തന്റെ വിദ്യ അവരെ മിത്രങ്ങളാക്കുകയാണെന്ന് നടൻ മമ്മൂട്ടി. അന്തരിച്ച ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിനയത്തെക്കുറിച്ച് പലർക്കും തൃപ്തിയും അതൃപ്തിയുമുണ്ടാകാമെന്നും ഇത്തരമൊരു പുരസ്കാരം നൽകാൻ തീരുമാനിച്ചതിൽ ഏറെ അർഥങ്ങളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തനിക്കൊപ്പം ഏറെ സഹകരിച്ച വ്യക്തിയായിരുന്നു ബാവാ തിരുമേനിയെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്പരം വെറുപ്പും വിദ്വേഷവും വളർത്തുന്ന നിരവധി കാര്യങ്ങളാണ് ഓരോ ദിവസവും നാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. പലരും പരസ്പരം ശത്രുക്കളായാണ് കാണുന്നത്. എന്നാൽ നമ്മുടെ യഥാർഥ ശത്രു തിന്മയാണ്, നന്മയല്ല. തിന്മയെ പല പേരുകളിൽ വിളിച്ചാലും അത് തിന്മ തന്നെയാണ്. വെറുപ്പ് എന്നത് തിന്മയുടെ മറ്റൊരു പേരാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടോ ആളെവിട്ട് തല്ലിച്ചോ വെടിവെച്ചോ അല്ല താൻ ശ്രമിക്കാറുള്ളതെന്ന് മമ്മൂട്ടി പറഞ്ഞു. തനിക്കറിയാവുന്ന ശത്രുക്കളെയെല്ലാം മിത്രങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. എല്ലാ ശത്രുക്കളെയും സുഹൃത്തുക്കളാക്കാൻ കഴിയുമെന്നും അതിന് അവർ മുൻകൈയെടുക്കുന്നതുവരെ കാത്തുനിൽക്കാതെ നമ്മൾ തന്നെ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply