കൊലപ്പെടുത്തിയ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് കുഴിയെടുത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനകത്ത് 50കാരന്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച പുലർച്ചെ വീടിനടുത്ത ഉൾവനത്തിൽ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ താജുദ്ദീൻ കുഞ്ഞിനെയാണ് പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വ്യാജവാറ്റുകാരനായ പ്രതിയുടെ വീട്ടിൽ ഉച്ചയോടെ താജുദ്ദീന്റെ വീട്ടിൽ വാറ്റുചാരായം കുടിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. രണ്ട് പേരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. എന്നാൽ മാധവന്റെ കൈയിൽ ചാരായത്തിന് കൊടുക്കാൻ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും തുടർന്ന് താജുദ്ദീൻ അവിടെ കിടന്ന റബ്ബർ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിക്കുകയുമായിരുന്നു.

അടി കൊണ്ട മാധവൻ ഉറക്കെ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു. ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ഇയാളെ വീട്ടിൽ ഉപേക്ഷിച്ച് താജുദ്ദീൻ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോൾ മാധവൻ മരിച്ചതായി മനസ്സിലാക്കി.

മൃതദേഹം ഉപേക്ഷിക്കാനിയി ശ്രമിച്ചെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികളാണ് ദുർഗന്ധം വരുന്നതായി അയൽക്കാരെ അറിയിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് വീടിനകത്തുനിന്നും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതി വീട്ടിൽ വാറ്റ് ചാരായം നിർമ്മിക്കുന്നതായി പോലീസ് കണ്ടെത്തി. ചാരായവും കണ്ടെത്തി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.