ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷുകാരന് കൊലപതക കുറ്റത്തിൽ നിന്ന് ഇളവ്. 76 കാരനായ ഡേവിഡ് ഹണ്ടറാണ് 2021 ഡിസംബറിൽ സൈപ്രസിലെ വീട്ടിൽ 74 കാരിയായ ജാനിസ് ഹണ്ടറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ഹണ്ടറിനെതിരെ നരഹത്യയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. നോർത്തംബർലാൻഡിലെ ആഷിംഗ്ടണിൽ നിന്നുള്ള മുൻ ഖനിത്തൊഴിലാളിയായ ഇയാൾ ബ്ലഡ് ക്യാൻസർ ബാധിച്ച തൻെറ ഭാര്യയുടെ ദുരിതം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന മാനിച്ചാണ് കൊലപതാകം നടത്തിയതെന്ന് പറഞ്ഞു. ഡേവിഡിൻെറ ശിക്ഷാ വിധി ജൂലൈ 27നാണ്.

ഗുരുതര രോഗാവസ്ഥയിൽ ആയിരുന്ന ഹണ്ടറിൻെറ ഭാര്യയുടെ വേദന അവസാനിപ്പിക്കാൻ ശ്രമിച്ച ഇയാൾ നടത്തിയത് അസ്സിസ്റ്റഡ് സൂയിസൈഡ് ആണെന്ന് ഹണ്ടറിൻെറ അഭിഭാഷകൻ വാദിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം കൊലപതാകം നടത്തിയ ഇയാൾ പിന്നീട് സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി വിധി തങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും തൻെറ കക്ഷിയുടെ ശിക്ഷ സസ്പെൻഡ് ചെയ്‌ത്‌ ഹണ്ടറിന് യുകെയിലുള്ള തൻെറ മകളോടൊപ്പം ജീവിക്കാനും സാധിക്കുമെന്ന് ഡേവിഡ് ഹണ്ടറിൻെറ അഭിഭാഷകൻ മൈക്കൽ പോളക്ക് പറഞ്ഞു.

ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപതാകം ആയിരുന്നില്ല. തൻെറ ഭാര്യയെ സഹായിക്കുക മാത്രമാണ് ഡേവിഡ് ചെയ്‌തത്‌. ഡേവിഡും ജാനിസും വിവാഹിതരായിട്ട് 50 വർഷത്തിൽ ഏറെയായി. കൊലപാതകം നടന്ന ദിവസം രാവിലെ തൻെറ ജീവൻ അവസാനിപ്പിക്കണമെന്ന് ജാനിസ് ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ഡേവിഡിനെ പിന്തുണച്ച് കൊണ്ട് ദമ്പതികളുടെ മകൾ ലെസ്ലി കാതോർൺ രംഗത്ത് വന്നു. തൻെറ പിതാവിൻെറ നിരപരാധിത്വം തെളിയിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് ലെസ്ലി.