പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്…! മാണി സി കാപ്പന്റെ നേതൃത്തത്തിൽ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം യുഡിഎഫിലേക്ക്

പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്…!  മാണി സി കാപ്പന്റെ നേതൃത്തത്തിൽ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം യുഡിഎഫിലേക്ക്
October 28 18:35 2020 Print This Article

എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മാണി സി കാപ്പന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചന. എന്‍സിപിയുടെ ഇരു വിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ശ്രമം.

അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം താഴേത്തട്ടിലെ പ്രവര്‍ത്തകരാണ് ആശങ്കയിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം മുന്നണി വിട്ടാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍ ഇടതുമുന്നണിയില്‍ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്തിലാകും. ഇക്കാരണങ്ങളാല്‍ താഴെത്തട്ടിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ഔദ്യോഗിക നേതൃത്വം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈയാഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിലേക്ക് കളം മാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.

ഇതിനിടെ തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍ അന്വേഷണത്തിന് സബ്കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താണ് തുടര്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles