മണിമല ജംക്‌ഷനിൽ മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്പെഷൽ വില്ലേജ് ഓഫിസർക്കായി തിരച്ചിൽ തുടരുന്നു. ആത്മഹത്യ ചെയ്യാൻ ചാടിയതാണെന്നു സംശയം. കങ്ങഴ സ്വദേശി എൻ. പ്രകാശനാണ് പാലത്തിൽ നിന്നു ചാടിയത്. പ്രകാശൻ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. മഴക്കാലമായതിനാൽ മണിമലയാറ്റിൽ നല്ല വെള്ളമുണ്ട്. ജോയന്റ് കൗൺസിൽ നേതാവാണ് പ്രകാശൻ.

പ്രകാശൻ ചാടുന്നതു കണ്ട് കൂടെ ചാടിയത് അതിഥി തൊഴിലാളി യാനുഷ് ലുഗൻ. സമീപത്തെ കോഴിക്കടയിൽ ജീവനക്കാരനാണ് യാനുഷ്. മണിമലയിൽ രണ്ടു പാലങ്ങളുണ്ട്. അവിടെ എത്തിയ പ്രകാശൻ ബാഗ് പാലത്തിൽ വച്ച് ആറ്റിലേക്ക് എടുത്തു ചാടി. ഇതു കണ്ട യാനുഷും പിന്നാലെ ചാടി. നീന്തി പ്രകാശനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങി. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. നിവൃത്തിയില്ലാതെ യാനുഷ് തിരിച്ചു കയറി.