യാക്കോബായ സഭാധ്യക്ഷനും ശ്രേഷ്ഠ കാതോലിക്കയുമായ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(95) കാലം ചെയ്തു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറ് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.21 നായിരുന്നു അന്ത്യം.

പ്രശസ്തമായ പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ട ബാവ യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിന്റെ സ്ഥാപകനാണ്. കൂടാതെ അനേകം ധ്യാന കേന്ദ്രങ്ങളും മിഷന്‍ സെന്ററുകളും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.

പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമനായി 1929 ജൂലൈ 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു.

ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിന്നീട് പിറമാടം ദയാറയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21 ന് മഞ്ഞനിക്കര ദയറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാദര്‍ സി.എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടമേറ്റു. വൈദികന്‍, ധ്യാനഗുരു, സുവിശേഷ പ്രസംഗകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദേഹം കാഴ്ച വെച്ചത്.

1973 ഒക്ടോബര്‍ 11 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24 ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെത്രാപ്പോലീത്ത എന്ന നിലയില്‍ ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥയായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.

കണ്യാട്ടുനിരപ്പ്, കോലഞ്ചേരി, വലമ്പൂര്‍, മാമലശേരി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്വാസ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പോലീസ് മര്‍ദ്ദനം, അറസ്റ്റ്, ജയില്‍ വാസം എന്നിവയെല്ലാം അനുഭവിച്ചു. 1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27 ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു.

സഭയുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു.

പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠ ബാവയ്ക്ക് രാഷ്ട്രീയ രംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.

യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975 ലെ തിരുത്തിശേരി അസോസിയേഷനും 1994, 1997, 2000, 2002, 2007, 2012, 2019 വര്‍ഷങ്ങളിലെ അസോസിയേഷന്‍ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ശ്രേഷ്ഠ ബാവയാണ്. അനാരോഗ്യം മൂലം 2019 ഏപ്രില്‍ 27 നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്.