യുകെയിൽ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാരുമായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്(ആര്‍സിഎന്‍) യൂണിയന്‍ തയാറാകുമെന്ന് സൂചന. ഏകദേശം 10% ശമ്പള വര്‍ധനയ്ക്ക് സമരം അവസാനിപ്പിച്ചേക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദശകത്തില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പവും യഥാര്‍ത്ഥ വേതനത്തിലെ ഇടിവും നികത്താന്‍ യൂണിയന്‍ സമരത്തിന്റെ തുടക്കത്തില്‍ 19% വരെ വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ഇതിനായി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഡിസംബറിൽ രണ്ട് ദിവസം നടത്തിയിരുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പ്രസംഗത്തിൽ 19% ശമ്പള വർധന നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ആവശ്യപ്പെട്ടതില്‍ നിന്ന് പകുതി വര്‍ധന എന്ന ആവശ്യവുമായി സര്‍ക്കാരിനെ കാണാന്‍ ആർസിഎൻ യൂണിയന്‍ തയാറാകും എന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാൽ ഇതിന് ആർസിഎൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

യുകെയിലെ ആര്‍ സി എന്‍ അംഗങ്ങള്‍ വോട്ട് ചെയ്തതോടെ യൂണിയന്റെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ ദേശീയ പണിമുടക്കായിരുന്നു ഡിസംബറിൽ നടന്നത്. ഏകദേശം ഒന്നര ലക്ഷം നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുത്തത്. കുറഞ്ഞ വേതനം നഴ്‌സിങ് ജീവനക്കാരെ തൊഴിലില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുമെന്നും രോഗികളുടെ പരിചരണത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ആർസിഎൻ പറയുന്നു.

ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇരട്ട അക്ക വേതന വര്‍ധനവ് ആവശ്യമാണന്നും ആർസിഎൻ യൂണിയനോടൊപ്പം മറ്റ് യൂണിയനുകളും ആവശ്യപ്പെട്ടു. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വിസമ്മതിച്ചു. യുകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഏകദേശം 4% എന്ന സ്വതന്ത്ര ശമ്പള അവലോകന ബോഡിയുടെ ശുപാര്‍ശയില്‍ ഉറച്ചുനില്‍ക്കുന്നത് ശരിയാണെന്നാണ് സര്‍ക്കാര്‍ വാദം.

സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ മുട്ടുമടക്കാത്തതോടെയാണ് യൂണിയന്‍ ആവശ്യങ്ങളില്‍ കുറവ് വരുത്തുന്നത്. ഡിസംബറില്‍ രണ്ട് ദിവസം പണിമുടക്ക് നടത്തിയതിന് പുറമെ ജനുവരി 18, 19 തീയതികളില്‍ പണിമുടക്ക് നടത്താനുള്ള ഒരുക്കത്തിലാണ് ആർസിഎൻ. ഇത്തവണ കൂടുതൽ നഴ്സുമാർ പങ്കെടുക്കുമെന്ന് ആർസിഎൻ ഭാരവാഹികൾ പറഞ്ഞു.