ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഒരു വലിയ ലക്ഷ്യ​ത്തിലേക്കുള്ള ചുവടുവെപ്പ്​ ഇതാ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന രാജ്യമായി യുകെ മാറി. അതുപോലെതന്നെ വാക്സിൻ സ്വീകരിക്കുന്ന ആദ്യ വ്യക്തിയായി 90 കാരിയായ മാർഗരറ്റ് കീനൻ ചരിത്രത്തിലിടം നേടി. ബ്രിട്ടീഷ് സമയം 06:31നാണ് കീനൻ വാക്സിൻ സ്വീകരിച്ചത്. ഈ ചരിത്രനിമിഷത്തിന് വേദിയായത് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും. അതേസമയം രാജ്യത്ത് ആദ്യം കോവിഡ്​ വാക്​സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87 കാരനായ ഹരി ശുക്ലയാണ്​ ഫൈസർ-ബയോൺടെക്ക്​ വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്​. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ് ഹരി ശുക്ല വാക്​സിൻ സ്വീകരിച്ചത്​.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

80 വയസ്സിന്​ മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ്​ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.’ഒരു വലിയ ലക്ഷ്യ​ത്തിലേക്കുള്ള ചുവടുവെപ്പ്​’ എന്നാണ്​ ഇതിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. “കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തിയെന്ന നിലയിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.” കോ ഫെർമനാഗിലെ എനിസ്കില്ലെൻ സ്വദേശിയായ കീനൻ പറഞ്ഞു. അടുത്താഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കുന്ന കീനന് ഈ കോവിഡ് വാക്സിൻ ഒരു ജന്മദിന സമ്മാനം കൂടിയാണ്.

കോവെൻട്രിയിൽ വാക്സിനേഷൻ നൽകിയ രണ്ടാമത്തെ വ്യക്തി വാർവിക്ഷയറിലെ 81 കാരനായ വില്യം ഷേക്സ്പിയറാണ്. വാക്സിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്​ തൻെറ കടമയായി കരുതുന്നുവെന്നാണ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ഹരി ശുക്ല പറഞ്ഞത്. ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക്​ നീങ്ങുകയാണ്​ എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്​. വാക്​സിൻ സ്വീകരിച്ച്​ അതിൽ എന്റേതായ പങ്ക്​ നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇതെന്റെ കടമയായി കരുതുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, പ്രധാനമന്ത്രി എൻഎച്ച്എസിനും വാക്സിൻ വികസിപ്പിക്കാൻ വളരെയധികം പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞർക്കും സന്നദ്ധപ്രവർത്തകർക്കും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ പാലിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞിരുന്നു.