നടിയെ ആക്രമിച്ച കേസില്‍ മാഡത്തേയും വമ്പന്‍ സ്രാവിനേയും തേടിയുള്ള യാത്ര തുടരാന്‍ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഏത് ഉന്നതനേയും പിടികൂടാമെന്നാണ് നിര്‍ദേശം.

ഇതോടെ കൊച്ചിയിലെ മാഫിയാ തലവന്‍ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നു. ഇതിലെല്ലാം പ്രധാനം മാഡത്തിന്റെ സംശയങ്ങള്‍ ഗായികയിലേക്കും നീങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവര്‍ തമ്മില്‍ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്-കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയില്‍ എത്തിയത്.

ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസ് കാത്തിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിന് ശേഷം മാഡത്തെ പൊക്കും. കാവ്യാ മാധവനും അമ്മയും പൊലീസിന്റെ സംശയ നിഴിലുണ്ട്. ഇതിനൊപ്പമാണ് നടിയായ ഗായികയുടെ കടന്നു വരവ്. ന്യൂജെന്‍ സിനിമയിലൂടെ നിര്‍മ്മാതാവായെത്തി മലയാള സിനിമയിലെ മാഫിയാ രാജാവായി മാറി കൊച്ചിക്കാരനും പൊലീസ് നിരീക്ഷണത്തിലാണ്.

കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിക്കഴിഞ്ഞു. നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോണ്‍ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണ്ണായകമാണ്. നേരത്തെ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അറസ്റ്റ് നടന്നില്ല.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച പി.സി. ജോര്‍ജ് എംഎല്‍എയെ ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും നിര്‍ണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖര്‍ ചരടുവലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പൊലീസിനെതിരേ രൂക്ഷവിമര്‍ശനമാണ് പി.സി. ജോര്‍ജ് ഉയര്‍ത്തിയത്. ഇതിനൊപ്പം ഗായികയേയും ചോദ്യം ചെയ്യും. ഗായികയില്‍ നിന്നും കാര്യങ്ങള്‍ തിരിക്കിയ ശേഷമാകും കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് തീരുമാനിക്കുക. പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളേയും നിര്‍ണ്ണായകമായാണ് പൊലീസ് കാണുന്നത്. ദിലീപിന് പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് നീക്കം.

സംഭവത്തില്‍ മൂന്ന് എംഎല്‍എമാരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് പി.സി. ജോര്‍ജിനെ ചോദ്യംചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി: എ.വി. ജോര്‍ജ് വ്യക്തമാക്കിയത്. ദിലീപിനെ കുടുക്കിയത് കാക്കനാട് ജയില്‍ സൂപ്രണ്ടാണെന്നു പി.സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍നിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായ നടിയും ഗായികുമായി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍തുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളില്‍ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവര്‍ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.