കെറ്ററിംഗ്: കഴിഞ്ഞ ബുധനാഴ്ച അകാലത്തിൽ മരണമടഞ്ഞ മാർട്ടിന ചാക്കോയുടെ മൃതസംസ്കാര ചടങ്ങുകൾ ഈ വ്യാഴാഴ്ച നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 9 മണിയോടെ വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരത്തിൻെറ പൊതുദർശനം 10.15 നോട് ആരംഭിക്കും. ഈ സമയത്ത് ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ലെസ്റ്റർ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ നേതൃത്വം നൽകും. കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ മാർട്ടിനായെയും കുടുംബത്തെയും അടുത്തറിയാവുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ ദുഃഖാർത്തരായ കുടുംബത്തിന് താങ്ങും തണലുമായി ഒപ്പമുണ്ട്.
വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ വച്ച് നടത്തുന്ന കുർബാനയ്ക്കും മൃതസംസ്കാര ശുശ്രൂഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രണ്ടു മണിയോടെ സെമിത്തേരിയിലെ കർമ്മങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
അടുത്തിടെ മാത്രം യുകെയിൽ വന്ന് നാട്ടിലേക്ക് തിരിച്ചുപോയ മാർട്ടിനയുടെ മാതാപിതാക്കളും സംസ്കാര ശുശ്രൂഷകൾക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ്. മകളെ ഒരു നോക്ക് കാണാൻ വെമ്പുന്ന മാതാപിതാക്കൾക്ക് എമർജൻസി വിസ കിട്ടുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മാര്‍ട്ടിനയുടെയും ഭര്‍ത്താവ് അനീഷിന്റെയും സഹോദരീ സഹോദരന്മാര്‍ യുകെയില്‍ തന്നെയാണുള്ളത്.
വെറും 40 -മത്തെ വയസ്സിൽ മരണമടഞ്ഞ മാർട്ടിനയുടെ വിയോഗം ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.
കോട്ടയം മാഞ്ഞൂർ സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് അനീഷ് മാർട്ടിന ദമ്പതികൾക്ക് ഉള്ളത് .
കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് .
മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
Leave a Reply