സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിന് സ്തുതി! ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം എന്നാണ്. ആട്ടിടയന്‍മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അനര്‍ഘനിക്ഷേപങ്ങള്‍ കാഴ്ചവെയ്ക്കുന്നു.

നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാത്രം സ്‌നേഹവും തീഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മിശിഹായ്ക്കു മൂന്നു ജനനങ്ങള്‍ ഉണ്ടെന്നാണ് ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ പരിശുദ്ധ കന്യകാ മേരിയില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള അവിടുത്തെ ആദ്ധ്യാത്മിക ജനനമാണ്. ആ ജനനത്തിലും പരിശുദ്ധ കന്യകയ്ക്ക് ഒരു പങ്കുണ്ട്.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്നു അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരനു മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്നു ദുഃഖിച്ചു എങ്കിലും സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്‌നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്‌നേഹവായ്പിനാല്‍ സംതൃപ്തമാക്കേണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണേ..

സുകൃതജപം.
പിതാവായ ദൈവത്തിന്റെ പുത്രീ,
പുത്രനായ ദൈവത്തിന്റെ മാതാവേ, പരിശുദ്ധാത്മാവിന്റെ മണവാട്ടി, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ..