ഫാ. ജോസഫ് അന്തിയാകുളം.
ആംഗലേയ കവിയായ വില്യം വേഡ്‌സ് വര്‍ത്ത് മറിയത്തെ വിശേഷിപ്പിക്കുന്നത് കറ പുരണ്ട മനുഷ്യ പ്രകൃതിയുടെ ഏക അഭിമാനമെന്നാണ്. പരിശുദ്ധ അമ്മ നമ്മുടെയും അമ്മയായിരിക്കുവാന്‍ ദൈവം തിരുമനസ്സായി. അമ്മയെ മറന്നു കൊണ്ട് ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. മെയ്മാസം പ്രത്യേകമായി പരിശുദ്ധ അമ്മയെ സ്തുതിക്കുവാനും ബഹുമാനിക്കാനും ഉപയോഗിക്കുന്നു. വളരെ ചെറുപ്പം മുതല്‍ പരിശുദ്ധ അമ്മയോട് അതിരറ്റ ഭക്തിയിലും സ്‌നേഹത്തിലും വളരാന്‍ മാതാപിതാക്കള്‍ ഇട നല്‍കി. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നുവരെ മെയ് മാസ വണക്കം മുടങ്ങിയിട്ടില്ല. ഒരു ശിശുവിന് തന്റെ അമ്മ എത്രമാത്രം ആവശ്യമാണോ, അതിലേറെ ആവശ്യമാണ് പരിശുദ്ധ അമ്മ ഒരു ആധ്യാത്മിക വ്യക്തിയുടെ ജീവിതത്തില്‍. ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയും അമ്മയോടുള്ള വാത്സല്യവും ഇന്നും കൈമുതലായിരിക്കുന്നു. പൗരോഹിത്യ ജീവിതത്തില്‍ മരീചികകളെ മരു പച്ചകളാക്കി മാറ്റുവാന്‍ പരിശുദ്ധ അമ്മ തന്നെയാണ് എന്റെ സഹായി. സമസ്ത ലോകവും വന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശുദ്ധരുടെ ഗണത്തില്‍ പ്രഥമസ്ഥാനമാണ് പരിശുദ്ധ മറിയത്തിനുള്ളത്. മറിയത്തൊടുള്ള ഭക്തിയും വിശ്വാസവും സ്‌നേഹവും ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നു. ഇതിന് എന്നെ പ്രാപ്തനാക്കുന്നത് പരിശുദ്ധ മറിയം വെറുതെ സ്വര്‍ഗ്ഗത്തിലിരിക്കുന്നവളല്ല, മറിച്ച് കൂടെ കൈ പിടിച്ച് നടത്തുന്നവളും നമ്മുടെ ഓരോ കാല് വെയ്പ്പും കാണുന്നവളുമാണ് എന്ന ഉറച്ച ബോധ്യമാണ്.

എല്ലാ മനുഷ്യരും പരിശുദ്ധ അമ്മയെ വേണ്ട വിധം മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ലോകം അതീവ സുന്ദരമാകുമായിരുന്നു. പരിശുദ്ധ അമ്മയെ കൂടുതല്‍ അറിയും തോറും കൂടുല്‍സ്‌നേഹിക്കാനും മാതൃ പരിലാളനയില്‍ വളരാനും ഇടയാകുന്നു. പല അപകടങ്ങളില്‍ നിന്നും കാത്ത് പരിപാലിച്ചവളും എന്തിനും എവിടെയും സംരക്ഷണം തന്നവളുമാണ് പരിശുദ്ധ അമ്മ. മൂന്നാം വയസ്സില്‍ അമ്മ പഠിപ്പിച്ച കുഞ്ഞ് പ്രാര്‍ത്ഥന ദിവസത്തില്‍ അനേകം പ്രാവശ്യം ആവര്‍ത്തിക്കുന്നു.
എന്റെ അമ്മേ… എന്റെ ആശ്രയമേ…
പരിശുദ്ധ അമ്മ എന്റെ എല്ലാമാണ്.

പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ദൈവജനനീ അങ്ങ് സര്‍വ്വ സൃഷ്ടികളിലും ഉന്നതയാണ്. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യ സുതന്റെ യഥാര്‍ത്ഥ അനുഗാമികളായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതീകവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരണമേ..

സുകൃതജപം.
ഉണ്ണീശോയെ ഉദരത്തില്‍ വഹിച്ച മാതാവേ, അങ്ങേ തിരുകുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ