കൊച്ചി: ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 14.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ സ്വദേശിയായ അമൽ ഷെൻസണും വടക്കേക്കര സ്വദേശിയായ അഭിജിത്തുമാണ് പിടിയിലായത്.
ഐടി മേഖലയിലെ ജീവനക്കാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ രംഗത്തെ പ്രവർത്തകർ, സിനിമാ മേഖലയിലെ ചിലർ എന്നിവർക്കാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വാടകവീട് കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.
പ്രതികളിൽ ഒരാളായ അമൽ നേരത്തെയും എംഡിഎംഎ കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി വാങ്ങിയവരെയും വിതരണ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈപ്രൊഫൈൽ ലഹരി ശൃംഖലയെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.











Leave a Reply