ചേർത്തല: താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സയ്ക്കെത്തി, മരുന്നു കഴിച്ചയാൾ ശരീരമാകെ വ്രണങ്ങൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ. മരുന്നിന്റെ പാർശ്വഫലമാകാമെന്ന് ആശുപത്രി അധികൃതർ. വയലാർ കൂട്ടുങ്കൽ ബിജുവാണ് (40) ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്നു കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്‌തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചേക്കാമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. ബിജു കെട്ടിട നിർമാണ തൊഴിലാളിയാണ്. സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. സംഭവം സംബന്ധിച്ചു മന്ത്രി പി.തിലോത്തമനും ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

വായുകോപത്തിനുള്ള മരുന്നിന്റെ പാർശ്വഫലമാകാം ഇത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ പറഞ്ഞു. ഡ്യൂട്ടി ഡോക്ടറും ഇക്കാര്യം പറഞ്ഞു. മരുന്നിന് അലർജി ഉണ്ടെന്നു ബിജു ഡോക്ടറോട് പറഞ്ഞതായോ ഡോക്ടർ അക്കാര്യം ചോദിച്ചതായോ ചീട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും സൂപ്രണ്ട് അറിയിച്ചു.മൂന്നു മാസം മുൻപ് പാമ്പ് കടിയേറ്റു ഇവിടെ വന്നയാൾക്ക് ശരിയായ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചത് വിവാദമായിരുന്നു