അസം-മിസോറാം അതിർത്തിയിൽ നിഷ്പക്ഷ കേന്ദ്രസേനയെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, പോലീസ് ഡയറക്ടർ ജനറൽ ഭാസ്‌കർ ജ്യോതി മഹന്ത, മിസോറാമിൽ നിന്നുള്ള ഇതേ പദവിയിലുള്ള ഉദ്യോഗസ്ഥരായ ലാൽനുൻമാവിയ ചുവാങ്കോ, എസ്.ബി.കെ സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശീയപാത 306 ൽ അന്തർസംസ്ഥാന അതിർത്തിയിൽ ഒരു നിഷ്പക്ഷ കേന്ദ്ര സായുധ പോലീസ് സേനയെ (സി‌എ‌പി‌എഫ്) വിന്യസിക്കാൻ ഇരു സംസ്ഥാന സർക്കാരുകളും സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.

നിഷ്പക്ഷ സേനയെ സി‌എ‌പി‌എഫിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നയിക്കും. കൂടാതെ, സേനയുടെ പ്രവർത്തനം സുഗമമാക്കുന്നതിന്, രണ്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ന്യായമായ സമയപരിധിക്കുള്ളിൽ ക്രമീകരണം നടത്തുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

തർക്കമുള്ള സ്ഥലത്ത് നിന്ന് തങ്ങളുടെ സേനയെ പിൻ‌വലിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മിസോറം ചീഫ് സെക്രട്ടറി ലാൽ‌നുൻ‌മാവിയ ചുവാങ്കോ പറഞ്ഞു, “ഞങ്ങൾ സമാധാനം നിലനിർത്താൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു.

അസമും മിസോറാമും തമ്മിലുള്ള അതിർത്തി തർക്കത്തിലെ ഏറ്റവും പുതിയ പ്രശ്നം അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചിരുന്നു. അതിൽ ആറ് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്രമത്തിനും ആറ് പേരുടെ മരണത്തിനും കാരണമായ അസം-മിസോറാം അതിർത്തി തർക്കത്തിൽ കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്ന് ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. “സംഘർഷം കുറയ്ക്കുക, സമാധാനം കൊണ്ടുവരിക, ഒരുപക്ഷേ പരിഹാരം കണ്ടെത്തുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം, ” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷം കൂടുതലുള്ള അസം-മിസോറാം അതിർത്തി പ്രദേശങ്ങളിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതിനാൽ സിആർ‌പി‌എഫ് ഡയറക്ടർ ജനറലും യോഗത്തിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.