കൊച്ചിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മിഷേൽ ഷാജി കാണാതാകും മുമ്പ് കേസിൽ അറസ്റ്റിലായ ക്രോണിന്‍ അലക്സാണ്ടര്‍ ബേബിയുടെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്ഡ് ആകുന്നതിനു മുമ്പായിരുന്നു സംഭാഷണം. ക്രോണിന്റെ അമ്മയുടെ എസ്എംഎസ് മിഷേലിന്റെ ഫോണിലേക്ക് വരികയും മിഷേല്‍ തിരികെ വിളിക്കുകയുമായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്മയെ ചോദ്യം ചെയ്തു. താന്‍ വിളിച്ചിട്ട് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും വിളിച്ചു നോക്കാന്‍ ക്രോണിന്‍ ആവശ്യപ്പെട്ടതിനു തുടര്‍ന്നാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നുമാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
അതിനിടെ സംഭവത്തിൽ സെന്‍ട്രല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അബ്ദുൽ ജലീലിനെ സസ്പെൻഡ് ചെയ്തു. മിഷേലിനെ കാണാതായെന്ന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിനാണ് സസ്പെൻഷൻ നടപടി. സെന്‍ട്രല്‍ എസ്ഐ എസ്. വിജയശങ്കറിനെതിരെ അച്ചടക്ക നടപടിക്കും കമ്മിഷണര്‍ നിർദേശം നൽകിയിട്ടുണ്ട്. പോലീസ് കൃത്യസമയത്ത് ഇടപെടൽ നടത്തിയിരുന്നെങ്കിൽ മകൾ നഷ്ടമാകില്ലായിരുന്നെന്ന് ആരോപണവുമായി മിഷേലിന്റെ മാതാപിതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് വൈകിപ്പിച്ചെന്നായിരുന്നു ആരോപണം.

മിഷേലിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണ സംഘം. മിഷേലുമായി അടുപ്പത്തിലായിരുന്ന ക്രോണിൻ ആണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നതാണ് പോലീസ് കരുതുന്നത്. എന്നാൽ കാണാതായ ശേഷം മിഷേൽ എവിടെയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്നുമുള്ള കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലീസിന് ഇതേവരെയും സാധിച്ചിട്ടില്ല.

അറസ്റ്റിലായ ക്രോണിന്‍ മിഷേലിന്റെ ബന്ധുവാണെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇയാൾ ബന്ധുവല്ലെന്നും മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാനാവുന്നതല്ലെന്നും മിഷേലിന്റെ പിതാവ് ഷാജി കഴിഞ്ഞ ദിവസം പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. അതേസമയം ക്രോണിന്‍ അലക്സാണ്ടര്‍ ബേബിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

Also read.. മാഞ്ചസ്റ്ററില്‍ വാഹനാപകടത്തില്‍ മലയാളിയായ അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്