പശുക്കടത്തിന്റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ്. ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അള്‍വാറില്‍ റക്ബാര്‍ ഖാന്‍ എന്ന മുപ്പത്തിയൊന്നു വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും അനുമതി നല്‍കുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. ക്രിസ്ത്യാനികള്‍ വിശുദ്ധ പശു എന്നാണ് പറയുന്നത്. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്.

സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ പശുവിനെ കൊല്ലുന്നതിന് മറ്റു മതങ്ങളും അനുമതി നല്‍കിയിട്ടില്ലെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.

ആള്‍ക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ല. രാജ്യത്ത് നിയമമുണ്ടെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു. സമൂഹം ശരിയായ മൂല്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ആര്‍.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.