സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്.

2019 നവംബർ മാസം രണ്ടു പേരും വീഡിയോ കോൾ വഴി പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു. നാട്ടിലുള്ള വീട്ടുകാർ പരസ്പരം വീടുകളിൽ ചെന്നു കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം നടത്താമെന്നായിരുന്നു വാക്ക് . 2020 ആഗസ്റ്റ് 26. മനുവിൻ്റെ ബർത്ത് ഡേ. വിഷ് ചെയ്യാൻ വിളിച്ച മിന്നുവിനോട് മനു പറഞ്ഞു: “എൻ്റെ വയറിന് വല്ലാത്ത അസ്വസ്ഥത.” അതൊരു തുടക്കമായിരുന്നു. ഗുളികകൾ പലതും കഴിച്ചിട്ടും അസുഖം മാറിയില്ല. ആശുപത്രിയിലെത്തി. പരിശോധനയിൽ ചെസ്റ്റിന് താഴെ ഒരു ട്യൂമർ കണ്ടെത്തി.

ബയോപ്സി റിസൽട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു: അക്യുട്ട് ലിംഫോസൈറ്റിക് ലുക്കേമിയ! എല്ലാവർക്കും വിഷമമായി. നിശ്ചയിച്ച വിവാഹം നടത്തണമോ വേണ്ടയോ എന്നുള്ള ചർച്ചകളായി. മനുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ചകൾക്കിടയിൽ മിന്നു സ്വയം പറഞ്ഞു: ”ഈ അസുഖം വിവാഹത്തിനു ശേഷം വന്നാൽ ഞാനത് ഫെയ്സ് ചെയ്യണം. ഈ അസുഖം എനിക്കും വരാം. അതു കൊണ്ട് വിവാഹവുമായ് മുന്നോട്ടു പോകുക തന്നെ.”

2020 സെപ്തംബറിൽ ഇമ്മാനുവേൽ നാട്ടിൽ എത്തി. ലൂക്കേമിയ തന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏത് രോഗത്തെയും പ്രാർത്ഥനകൊണ്ടും ആത്മധൈര്യം കൊണ്ടും നേരിടാം എന്ന വിശ്വാസം ഇമ്മാനുവേലിനുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: ”എനിക്ക് ക്യാൻസറല്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ഞെട്ടി. എൻ്റെ അമ്മയ്ക്ക് ഇതേ രോഗമായിരുന്നു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല എന്നും ഞാൻ ഡോക്ടറോട് പറഞ്ഞു….” ഉറച്ച ബോധ്യത്തോടെ ഇമ്മാനുവേൽ തുടർന്നു:

“ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. പഠിക്കാൻ ആവറേജ് ആയ എന്നെ ദൈവം ദുബായിൽ എത്തിച്ചു. എനിക്ക് ജോലി നൽകി. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. എന്നാൽ കുറേയൊക്കെ ഇൻഷുറൻസ് വഴി ലഭിച്ചു. എൻ്റെ അപ്പച്ചനോ, വിവാഹിതയായ ചേച്ചിക്കോ ഈ അസുഖം നൽകാതെ, ദൈവം എനിക്ക് തന്നതിൽ സന്തോഷമേയുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ദൃഢവിശ്വാസം അന്നും ഇന്നും എനിക്കുണ്ട്….”

2021 ഏപ്രിൽ അവസാനം മിന്നു നാട്ടിലെത്തിയതിനു ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് തന്നെ. മെയ് 9 ന് മനസമ്മതവും 12 ന് വിവാഹവും കഴിഞ്ഞു. “എന്തിനെയും പോസിറ്റീവായ് സമീപിക്കണം” എന്നതാണ് ഇമ്മാനുവേലിൻ്റെ ആപ്തവാക്യം. ആ ധൈര്യം കണ്ടപ്പോൾ കൂടെ നിൽക്കണമെന്ന് മിന്നുവിനും തോന്നി. നിസാര കാര്യത്തിനുപോലും വിവാഹബന്ധം വേർപെടുത്താൻ തയ്യാറാകുന്ന ദമ്പതികൾക്കും
ജീവിതസുഖത്തിന് ഉദരശിശു തടസമാണെന്ന് വാദിക്കുന്നവർക്കും ഈ യുവ ദമ്പതികൾ വെല്ലുവിളി തന്നെ!

ഒപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് രോഗത്തെയും ശാപമായും പാപത്തിൻ്റെ പ്രതിഫലമായുമെല്ലാം കാണുന്നവരുണ്ടല്ലോ? യഹൂദർക്കിടയിലും അത്തരം ചിന്താഗതിക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജന്മനാ അന്ധനായ ഒരുവനെ നോക്കിക്കൊണ്ട്; ഇവൻ അന്ധനായ് ജനിച്ചത് ആരുടെ പാപം കൊണ്ടാണെന്ന് അവർ ചോദിക്കുന്നതും. “…ആരുടെയും പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌ ” (യോഹ 9 : 3) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി.

വ്യക്തിപരമായ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികളും രോഗാവസ്ഥകളും ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളായ് കാണുമ്പോൾ മാത്രമേ വിശ്വാസ ജീവിതം സഫലമാകൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. രണ്ട് പേരെയും നന്നായി അറിയുന്ന ഫാദർ ജെൻസൺ പറഞ്ഞു നിർത്തുന്നു സോഷ്യൽ മീഡിയയിൽ.

വീഡിയോ കാണാം

https://youtu.be/xVM_oek9JBA