പ്രഭാസ് നായകനായെത്തുന്ന ചിത്രം ‘സലാര്‍’, ഗോഡ്ഫാദര്‍ റോളിൽ മോഹൻലാലും; ലാലേട്ടന് പ്രതിഫലം 20 കോടി, കൗതുകത്തോടെ ഇന്ത്യന്‍ സിനിമാലോകം…

പ്രഭാസ് നായകനായെത്തുന്ന ചിത്രം ‘സലാര്‍’, ഗോഡ്ഫാദര്‍ റോളിൽ മോഹൻലാലും;  ലാലേട്ടന് പ്രതിഫലം 20 കോടി, കൗതുകത്തോടെ ഇന്ത്യന്‍ സിനിമാലോകം…
December 13 08:19 2020 Print This Article

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പേര് സലാര്‍ എന്നാണ്. ഇന്ത്യന്‍ സിനിമാലോകം ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് മലയാളികള്‍ക്ക് ഇരട്ടി കൗതുകം ഉണര്‍ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്ത.

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉറപ്പായും അഭിനയിക്കും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹന്‍ലാലിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2016ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നായിരുന്നു.

അതേസമയം, ബോക്സോഫീസുകളെ ഇളക്കിമറിച്ച ബാഹുബലിയുടെ വിജയത്തിന് പിന്നാലെ വന്‍ ഓഫറുകളാണ് പ്രഭാസിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കിടയിലെ ‘ബാഹുബലി’യുടെ കോളിളക്കം പ്രഭാസിന്റെ പ്രതിഫലവും വര്‍ധിപ്പിച്ചു. വരാനിരിക്കുന്ന നാല് ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കായി അദ്ദേഹം വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ടാല്‍ ആരാധകര്‍ ഞെട്ടും.

രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ‘രാധേ ശ്യാം’, നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്‍േതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles