വിവാദങ്ങൾക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ 24 വെട്ട്. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായും റീ എഡിറ്റഡ് സെൻസർ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കിയതായി രേഖയിൽ കാണാം.
മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
സിനിമയിൽ കാണിക്കുന്ന കലാപരംഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പിൽ കാണിച്ചിരുന്നത്. പുതിയ പതിപ്പിൽ ‘എ ഫ്യൂ ഇയേർസ് എഗോ’ എന്നായിരിക്കും പ്രദർശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രംഗി എന്നുള്ളത് പരാമർശിക്കുന്ന എല്ലാ ഭാഗത്തും ബൽദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.
Leave a Reply