തിരുവനന്തപുരം ശ്രീകാര്യം, കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ അമ്മയ്ക്ക് ഇനി ഒരേയൊരു ആഗ്രഹംമാത്രമേ ഉണ്ടായിരുന്നുള്ളൂ .മോഹന്‍ലാലിനെ ഒന്ന് കാണണം .ആ അമ്മയുടെ  ഈ ആഗ്രഹം പറഞ്ഞു  കൊണ്ടുള്ള  വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹന്‍ലാല്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’ ; ഇതാണ് ആ അമ്മ ചോദിച്ചത് .
എന്നാല്‍ അമ്മയുടെ മോഹം വെറുതെ ആയില്ല .മകനായി കണ്ട് തന്നെ കാണാണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാന്‍ ചിത്രീകരണത്തിരക്കുകളില്‍ നിന്ന് മോഹന്‍ലാല്‍ എത്തി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാന്‍ ആഗ്രഹിച്ച വാര്‍ത്ത അറിഞ്ഞത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനല്‍കുമാറിനൊപ്പം മോഹന്‍ലാല്‍ സുഭദ്രാമ്മയുടെ അരികിലെത്തി.

സുഭദ്രാമ്മ ആഗ്രഹം അറിയിക്കുന്ന വീഡിയോ

എന്നെ കാണാന്‍ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മയ്ക്ക് സുഭദ്രാമ്മയെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ചോദ്യം. സുഭദ്രാമ്മയ്ക്ക് ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.17 വര്‍ഷമായി കാന്‍സര്‍ ബാധിതയായി കാരുണ്യവിശ്രാന്തിയില്‍ കഴിയുന്ന സുഭദ്രാമ്മയ്ക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹന്‍ലാലിനെ കണ്ടാല്‍ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങള്‍ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്താണ് ലാല്‍ മടങ്ങിയത്. അമ്മയുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നുള്ള ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.