സജീവ് സെബാസ്റ്റ്യന്‍
ഐക്യത്തിന്റെറെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നനീട്ടന്‍ മലയാളികള്‍ ഒന്ന് ചേര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഈസ്റ്റര്‍ വിഷു ആഘോഷിച്ചു .വൈവിദ്യമാര്‍ന്ന കലാ പരിപാടികള്‍ കൊണ്ടും സംഘാടന മികവു കൊണ്ടും നനീട്ടന്‍ ഔര്‍ ലേഡി ഓഫ് എന്‍ജെല്‍സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഇന്‍ഡസിന്റെയും കേരള ക്ലബിന്റെയും സംയുക്ത ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഒരു നവ്യാനുഭവം ആണ് മലയാളികള്‍ക്ക് സമ്മാനിച്ചത് .ട്യൂണ്‍ ഓഫ് ആര്‍ട്ട് നോര്‍ത്താംപ്ടനിലെ കലാകാരന്മാര്‍ ആലപിച്ച ഈസ്റ്റര്‍ വിഷു ഗാനത്തോടെ ആരംഭിച്ച പ്രോഗ്രാം ഫാ സൈമന്റെ നേതൃത്വത്തില്‍ നനീട്ടന്‍ മലയാളി സമൂഹത്തില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേര്‍ ചേര്‍ന്ന് അഞ്ചു തിരിയിട്ട നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെ എട്ടു വര്‍ഷമായി മലയാളികള്‍ ആഗ്രഹിച്ച ഒരുമയുടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു .തുടര്‍ന്ന് ഫാ സൈമണ്‍ നടത്തിയ തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രസക്തി എടുത്തു പറയുകയും ഇനിയുള്ള കാലം കുറ്റപ്പെടുത്തലുകളും മുറിപ്പെടുത്തുകളും എല്ലാം മറന്ന് ഈസ്റ്ററിന്റെ സന്ദേശം മനസ്സില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് നനീട്ടനിലെ എല്ലാ മലയാളികളും ഒന്നിച്ചു പോകാനാണ് താന്‍ മനസ്സുകൊണ് ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
മാനവ സ്‌നേഹത്തിന്റെ മഹത്വവും വിളിച്ചോതുന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ ഉപഹാര്‍ ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റെം സെല്‍ ക്യാമ്പയ്‌നില്‍ സംഘാടകരുടെ പ്രതീക്ഷകളെ പോലും കടത്തിവെട്ടി ഒരു സഹോദരന്റെ ജീവന്‍ രക്ഷിക്കുവാന്‍ കിട്ടുന്ന അവസരം ആണ് ജീവിതത്തിന്റെ പുണ്യം എന്ന തിരിച്ചറിവോടു കുടി മുഴുവന്‍ മലയാളികളും സ്വമനസ്സാലെയാണ് മുന്നോട്ടു വന്നത്. ജീവിത തിരക്കിനിടയിലും അവയവ ദാനത്തിന്റെ ബോധവല്‍ക്കരണവുമായി മലയാളി സമൂഹത്തിലേക്ക് ഇറങ്ങി വന്ന ഉപഹാറിന്റെ പ്രവര്‍ത്തകരെ നനീട്ടന്‍ മലയാളികള്‍ ഹൃദയം തുറന്ന് അഭിനന്ദിക്കുകയും അവരുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ഒപ്പന പാട്ടിന്റെ മധുരതാളത്തില്‍ തുടങ്ങി പോപ്പ് മ്യൂസിക്കിന്റെ ചടുല താലത്തില്‍ അവസാനിച്ച കുട്ടികളുടെ വിവിധയിനം കലാ പരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു .രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ഡാന്‍സ് ക്ലാസ് ,കരാട്ടെ ക്ലാസ് ,ബസ് സര്‍വീസ് ,ബാഡ്മിന്‍ന്റണ്‍ ക്ലബ് എന്നിവ ഇനിമുതല്‍ സംഘനാ വ്യതാസം ഇല്ലാതെ നനീട്ടന്‍ സമൂഹത്തില്‍ എല്ലാവര്ക്കും പ്രോയോജനപ്പെടുന്ന രീതിയില്‍ തുറന്നു കൊടുക്കുവാന്‍ തീരുമാനിച്ച വിവരം സംഘാടനാ പ്രതിനിധികള്‍ പൊതു സമ്മേളനത്തില്‍ അറിയിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് മലയാളി സമൂഹം സ്വീകരിച്ചത്. യു കെ യിലെ അറിയപ്പെടുന്ന മ്യൂസിക് ബാന്‍ഡ് ആയ ട്യൂണ്‍ ഓഫ് ആര്‍ട്ടിലെ കൊച്ചു കലാകാരനായ കിരണ്‍ മനോജിന് പ്രകടനം എല്ലാവരെയും അതിശയിപ്പിക്കുകയും ഭാവിയില്‍ ഒരു പാട് വേദികളില്‍ പാടുവാന്‍ കഴിവുള്ള ഒരു വലിയ കലാകാരനായി വളര്‍ന്ന് വരട്ടെ എന്ന ആശംസയോട് കുടി നനീട്ടന്‍ മലയാളി സമൂഹം കിരണിനെ മൊമെന്റോ നല്‍കി ആദരിച്ചു . മണിപാട്ടിന്റ വശ്യതയില്‍ എല്ലാം മറന്ന് നടത്തിയ നൃത്ത ചുവടുകളോടെ ഓണത്തിന് വീണ്ടും ഒത്തു കൂടാം എന്ന ആഹ്വാനവുമായി പ്രോഗ്രാമിനു സമാപനമായി.