ജർമ്മനിയിൽ നിന്ന് ഇന്ത്യയിലെത്തി 50 വർഷ० കുഷ്ഠരോഗികളെ പരിചരിച്ച വൈദികൻ; കുഷ്ഠരോഗികളുടെ ആശ്രയമായിരിന്ന മോണ്‍. ഡോ. ബെയ്ന്‍ അന്തരിച്ചു

ജർമ്മനിയിൽ നിന്ന് ഇന്ത്യയിലെത്തി 50 വർഷ० കുഷ്ഠരോഗികളെ പരിചരിച്ച വൈദികൻ; കുഷ്ഠരോഗികളുടെ ആശ്രയമായിരിന്ന മോണ്‍. ഡോ. ബെയ്ന്‍ അന്തരിച്ചു
October 17 16:40 2020 Print This Article

തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ആദ്യകാല ഡോക്ടറും മോണ്‍സിഞ്ഞോറുമായ ഡോ. ബെയ്ന്‍(87) ജര്‍മനിയില്‍ വ്യാഴാഴ്ച അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അനേകം കുഷ്ഠരോഗികള്‍ക്കു പുതുജീവന്‍ നല്‍കിയ ഡോക്ടറാണ് ഇദ്ദേഹം. 1964 മുതല്‍ 1968 വരെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടില്‍ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്. ഡാമിയന്‍ കുഷ്ഠരോഗാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററും വിരലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ഇല്ലാതായിപ്പോയ കുഷ്ഠരോഗികള്‍ക്കു ധരിക്കാന്‍ ചെരിപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ തയാറാക്കാനുള്ള വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പിന്നീട് കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ രോഗികളുണ്ടായിരുന്ന ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം മാറി. അവിടത്തെ ആശുപത്രിയുടെ മേധാവിയായി സേവനം ചെയ്തപ്പോഴും 2001 വരെ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുഷ്ഠരോഗികള്‍ക്കു ശസ്ത്രക്രിയകള്‍ നടത്താനും ചികിത്സിക്കാനും അദ്ദേഹം എത്തിയിരുന്നു. ജര്‍മനിയില്‍നിന്ന് എംബിബിഎസ് പഠനത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറിയിലും ഓര്‍ത്തോപീഡിക്കിലും സ്‌പെഷലൈസേഷന്‍ എടുത്ത ശേഷമാണു കേരളത്തിലെത്തിയത്. തുടര്‍ന്ന് ചികിത്സയോടൊപ്പം സെമിനാരിയിലെ പഠനത്തിനുശേഷം 1993 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഏഴു വര്‍ഷം മുന്പാണു ജര്‍മനിയിലേക്കു മടങ്ങിയത്‌

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles