കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമാണ്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഇന്ന് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മഴക്കെടുതിയില്‍ മരണം ഒമ്പതായി.
കൂട്ടിക്കല്‍ ചപ്പാത്തില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ റിയാസ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയിലെ സാധനങ്ങള്‍ എടുത്തുമാറ്റുന്നതിനിടെ ഒഴുക്കില്‍പെട്ട സാധനങ്ങള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിയാസ് ഒഴുക്കില്‍ പെട്ടത്.
തീക്കോയി ഒറ്റഊട്ടിയില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ഉരുള്‍പൊട്ടലുണ്ടായി. മണിമലയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെയാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ കൊട്ടാരമറ്റം ഭാഗത്ത് റോഡില്‍ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കൂട്ടിക്കലും വെള്ളംകയറി. കാഞ്ഞിരപ്പള്ളിയില്‍ അഞ്ച് ദിരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചിറക്കടവില്‍ വെള്ളം കയറിയതോടെ മൂന്നു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ കുടുങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തില്‍ ബോട്ട് സുരക്ഷിതമാണ്. പത്ത് തൊഴിലാളികളാണ് ബോട്ടിലുള്ളത്. ബോട്ട് വൈകാതെ കരയിലേക്ക് കെട്ടിവലിച്ച് അടുപ്പിക്കാനാണ് ശ്രമം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
എറണാകുളത്ത് പെരിയാറും മൂവാറ്റുപുഴയാറിലൂം ജലനിരപ്പ് ഉയര്‍ന്നു. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ആലുവ ശിവക്ഷേത്രം പൂര്‍ണ്ണമായൂം മുങ്ങി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍ക്കുകയാണ്. ആലുവ മൂന്നാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് കാണാതായ പൗലോസ് എന്നയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മൂവാറ്റുപുഴ കൊച്ചങ്ങാടിയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഏലൂരിലും 15 വീടുകളില്‍ വെള്ളം കയറി.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പറമ്പിക്കുളത്ത് നിന്ന് വെള്ളം എത്തിയതോടെ പെരിങ്ങല്‍കൂത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ആതിരപ്പിള്ളി പിള്ളപ്പാറയില്‍ ഒഴുക്കില്‍പെട്ട ആന രക്ഷപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.
പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 20 എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ചെങ്ങന്നൂരും തിരുവണ്ടൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. പമ്പ, അച്ചന്‍കോവിലാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകയുകയാണ്.
ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വലിയവീട്ടില്‍ ആലീസിനാണ് പരിക്കേറ്റത് മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗത്തേക്ക് പതിക്കുകയായിരുന്നു.
കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വയസ്സുകാരി തസ്ലീന, രാജേഷ് എന്നിവര്‍ മരിച്ചു. ഇന്നലെ നാലിടത്താണ് ഉരുള്‍പൊട്ടിയത്. മണാലില്‍ ചന്ദ്രന്‍ എന്നയാളെ കാണാതായി. അമ്പതോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.
വയനാട് മുത്തങ്ങ പുഴ കരകവിഞ്ഞു. ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. അതിതീവ്ര മഴയ്ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നു മുതല്‍ വ്യാഴാഴ്ചവരെ അതിതീവ്രമായ മഴ ഒറ്റപ്പെട്ട മേഖലകളില്‍ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലാണ് അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യത.
എല്ലാ ജില്ലകളിലും പരക്കേ ശക്തമായ മഴ ലഭിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.
മണിമലയാര്‍, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നിവ കരകവിഞ്ഞതോടെ ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയരുന്നതോടെ കൂടുതല്‍ ഡാമുകള്‍ തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു
Leave a Reply