സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷം 18 വയസുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയുടെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധയ്ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫുട്ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.

സര്‍ജറി വിജയകരമായിരുന്നു. എന്നാല്‍ കാലില്‍ ചുറ്റിയ കംപ്രഷന്‍ ബാന്‍ഡേജ് വളരെ മുറുക്കം ഉണ്ടാകുകയും കാലിലെ രക്തയോട്ടം ഇല്ലാതാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതായും രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തതായും ആരോഗ്യ മന്ത്രി മാ സുബ്രഹ്‌മണ്യം പറഞ്ഞു.