ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിസ തട്ടിപ്പിൽ നിരവധി യുകെ മലയാളികൾ ഇരയാകുന്നതിൻെറ വാർത്തകൾ നേരത്തെ മലയാളം യുകെയിൽ വന്നിരുന്നു. പലരും യുകെയില്‍ എത്താനുള്ള ഒരു വിസയ്ക്കായി 25 ലക്ഷം വരെ ചിലവഴിക്കാറുണ്ട്. നേഴ്സ് ആയി ജോലി കിട്ടാത്ത നിരവധി പേരാണ് യുകെയിൽ എത്താനായി കെയർ മേഖലയിൽ ജോലി ചെയ്യുന്നത്. കേരളത്തിൽ നിന്ന് വിദ്യാർത്ഥി വിസയിൽ എത്തുന്ന പലരും പെർമനന്റ് റസിഡൻസ് ലഭിക്കാനായി ആശ്രയിക്കുന്നത് കെയർ മേഖലയിലെ ജോലിയാണ്.

ഹോം ഓഫീസ് അടുത്തിടെയായി സ്വീകരിച്ചു വരുന്ന നടപടികൾ യുകെയിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കെയർ മേഖലയിൽ മാത്രമല്ല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മറ്റ് സ്ഥലങ്ങളിലും അടുത്തിടെ വ്യാപകമായി നടക്കുന്ന പരിശോധനകളിൽ നിരവധി മലയാളികളും നടപടി നേരിട്ടതായാണ് അറിയുന്നത്. നേരത്തെ കെയർ വിസ തട്ടിപ്പിന് ഇരയായ ആലപ്പുഴയിൽ നിന്നുള്ള ആലിസിന്റെയും കുടുംബത്തിന്റെയും വാർത്ത മലയാളം യുകെ റിപ്പോർട്ട് ചെയ്‌തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി കെയർ വിസയിൽ യുകെയിലെത്തിയ നിരവധി മലയാളികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. തൊഴിൽ ഉടമയ്ക്കെതിരെ എടുക്കുന്ന നടപടിയുടെ പേരിൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്ന അവസ്ഥയും നിലവിലുണ്ട്. അനധികൃതമായി യുകെയിൽ താമസിക്കുന്ന അഭയാർത്ഥികൾക്ക് ഇനി അഭയം നൽകില്ലെന്ന നിയമം കഴിഞ്ഞ ദിവസം യുകെ പാർലമെൻറിൽ പാസാക്കിയിരുന്നു. അനധികൃതമായി എത്തിയവരെ തിരിച്ചയക്കുന്ന നടപടിയോടെ സഹകരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകാതിരിക്കുക, ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പറഞ്ഞു. മുൻപ് കെയർ വിസ അപേക്ഷിച്ചവർക്ക് സ്പോൺസർഷിപ്പ് നൽകിയ ഹോം ഓഫീസ് ഇപ്പോൾ ഇവരെ പറഞ്ഞയക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടക്കുന്ന റെയ്ഡുകളും ഇതിന് തെളിവാണ്. ഹോം ഓഫീസിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം 4000 പേരാണ് അനധികൃതമായി യുകെയിൽ ജോലി ചെയ്യുന്നതിന്റെ പേരിൽ അറസ്റ്റിലായത്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്നവരുടെ പാസ്പോർട്ടിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ സ്റ്റാമ്പ് പതിപ്പിച്ചാണ് മടങ്ങേണ്ടി വരിക. സാധാരണ നിലയിൽ ഇത്തരക്കാർക്ക് 10 വർഷത്തേക്ക് മറ്റു രാജ്യത്തേക്കുള്ള വിസ ലഭിക്കില്ല.

പസഫിക് കെയര്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിച്ച വിസ കമ്പനിയുടെ ലൈസന്‍സ് ഹോം ഓഫിസ് റദ്ദാക്കിയതോടെ അവരിലൂടെ എത്തിയ നൂറിലേറെ കെയര്‍മാര്‍ക്ക് യുകെയില്‍ തുടരാൻ ആകില്ല. രാജ്യത്ത് തുടരണമെങ്കിൽ ഇത്തരക്കാർക്ക് ഏതെങ്കിലും വിസ കച്ചവടക്കാര്‍ക്ക് വീണ്ടും വലിയ തുക നല്‍കി പുതിയ വിസ സംഘടിപ്പിക്കേണ്ടി വരും. പുതിയ അപേക്ഷകൾ എത്രമാത്രം ഹോം ഓഫീസ് അനുവദിക്കുമെന്നതും സംശയമാണ്. പസഫിക് കെയര്‍ മാത്രം ആളുകളിൽ നിന്ന് 20 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.