ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയിലേക്ക് ജനങ്ങള്‍ കൂടത്തോടെ എത്തുന്നു. 24 മണിക്കൂറിനിടെ 11 ലക്ഷം പേരാണ് പാര്‍ട്ടി അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഎപി രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.

എഎപിയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാമെന്നും പാര്‍ട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പിന്നീടാണ് ജനങ്ങള്‍ കൂട്ടത്തോടെ മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാന്‍ തുടങ്ങിയത്. സോഷ്യല്&മീഡിയ വഴിയും മറ്റുമായി മേല്‍പ്പറഞ്ഞ മൊബൈല്‍ നമ്പര്‍ എഎപി പ്രചരിപ്പിച്ചിരുന്നു…

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുള്ള മിസ് കോളുകള്‍. ദേശനിര്‍മാണത്തിന് ജനം എഎപിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന് തെളിവാണിതെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു. ദില്ലി തിരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടിയാണ് എഎപി ജയിച്ചത്. ബാക്കി എട്ട് സീറ്റുകള്‍ ബിജെപി നേടുകയും ചെയ്തു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല.

ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ പ്രചാരണം ജനങ്ങള്‍ തള്ളുകയും തങ്ങളുടെ വികസന മുദ്രാവാക്യങ്ങള്‍ ജനം ഏറ്റെടുക്കുകയും ചെയ്തതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് എഎപി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രിയായി അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കെജ്രിവാള്‍ വീണ്ടും അധികാരമേല്‍ക്കും.

2013ല്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ മികച്ച വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എഎപി നേടിയത് എന്നത് എടുത്തുപറയേണ്ടതാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എഎപിയുടെ ഉദയം. ദില്ലിയിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതിയും എഎപിയുടെ വളര്‍ച്ച വേഗമേറിയതാക്കി.

2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എഎപിക്ക് പക്ഷേ, കേവല ഭൂരിപക്ഷം ലഭിച്ചില്ല. കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം തുടങ്ങിയെങ്കിലും 49 ദിവസത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവയ്ക്കുകയായിരുന്നു. പിന്നീട് രണ്ടു വര്‍ഷം രാഷ്ട്രപതി ഭരണത്തിന് കീഴിലായി രാജ്യതലസ്ഥാനം.

2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെയും അല്‍ഭുതപ്പെടുത്തുന്ന വിജയമാണ് എഎപി നേടിയത്. 70ല്‍ 67 സീറ്റ് നേടി അധികാരത്തിലെത്തി. ബാക്കി മൂന്ന് സീറ്റ് ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് പൂജ്യം. അഞ്ച് വര്‍ഷത്തിന് ശേഷവും എഎപിയുടെ ജനകീയത കുറഞ്ഞിട്ടില്ല. ഇത്തവണ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

എഎപി വളരുമ്പോള്‍ കോണ്‍ഗ്രസ് തളരുകയായിരുന്നുവെന്ന് പറയാം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നാണ് എഎപിയുടെ തുടക്കമെന്നും പറയാം. ഇക്കാര്യം കഴിഞ്ഞദിവസം രാജിപ്രഖ്യാപിച്ച ദില്ലി ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ വ്യക്തമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദില്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ട്. പിസിസി അധ്യക്ഷന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിസി ചാക്കോയും രാജിവച്ചത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം 2013 വരെ ദില്ലി ഭരിച്ച ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന 2013ലാണ് ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചതെന്ന് പിസി ചാക്കോ പറഞ്ഞു. പുതിയ പാര്‍ട്ടിയായ എഎപി വരികയും കോണ്‍ഗ്രസ് വോട്ടുകള്‍ മൊത്തമായി കൊണ്ടുപോകുകയും ചെയ്തു. ഈ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് പിന്നീട് സാധിച്ചില്ല. ഈ വോട്ടുകള്‍ ഇപ്പോഴും എഎപിക്കൊപ്പമാണെന്നും പിസി ചാക്കോ പറഞ്ഞു.

70 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് പാര്‍ട്ടിയുടെ തിരിച്ചുവരവ് ചര്‍ച്ചകള്‍ അസ്ഥാനത്താക്കുന്നു. മാത്രമല്ല, മല്‍സരിച്ച മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് കോണ്‍ഗ്രസിന് നഷ്ടമായി. 2013 വരെ തുടര്‍ച്ചയായി മൂന്ന് തവണ ദില്ലി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്റെ ഭരണത്തിന്റെ അവസാന കാലയളവില്‍ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, പുതിയ കെജ്രിവാള്‍ മന്ത്രിസഭയില്‍ 16 പുതുമുഖ എംഎല്‍എമാര്‍ക്ക് പദവി ഒരുക്കിവച്ചിട്ടുണ്ടെന്നാണ് വിവരം. രാഘവ് ചദ്ദയും അദിഷിയുമാണ് ഇതില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍. 31കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാഘവ് ചദ്ദയായിരിക്കും ധനമന്ത്രി എന്ന്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരോ രാഷ്ട്രീയ പ്രമുഖരോ എത്തില്ല. ജനങ്ങള്‍ മാത്രമാണ് 16ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക എന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. നേരത്തെ ചില മുഖ്യമന്ത്രിമാരെ കെജ്രിവാള്‍ ക്ഷണിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ തിരുത്ത് നല്‍കിയിരിക്കുകയാണ് ഗോപാല്‍ റായ്.