ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെർലിൻ : പടിഞ്ഞാറൻ ജർമനിയിലും അയൽരാജ്യമായ ബെൽജിയത്തിലും കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം. ഇതുവരെ 69 പേർ മരിക്കുകയും 70 ലധികം പേരെ കാണാതാവുകയും ചെയ്തു. ജർമ്മനിയിൽ 58 മരണങ്ങളും ബെൽജിയത്തിൽ 11 മരണങ്ങളും രേഖപ്പെടുത്തി. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ-വെസ്റ്റ്ഫാലിയ എന്നിവടങ്ങളിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതയ്ക്കുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു​. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. വെസ്ഡ്രെ നദി കവിഞ്ഞൊഴുകിയതിനെ തുടർന്ന് കിഴക്കൻ ബെൽജിയൻ പട്ടണമായ പെപിൻസ്റ്ററിൽ പത്തോളം വീടുകൾ തകർന്നു. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു.

പ്രളയത്തില്‍ ജീവൻ നഷ്ടപെട്ടവര്‍ക്ക് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാണാതായവരെ കണ്ടെത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലന്‍ഡിലും പ്രളയം ബാധിച്ചു. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴ ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിലും വ്യാപിച്ചു. 2002 ലെ വെള്ളപ്പൊക്കത്തിൽ കിഴക്കൻ ജർമ്മനിയിൽ 21 പേരും മധ്യ യൂറോപ്യൻ മേഖലയിൽ നൂറിലധികം പേരും മരിച്ചിരുന്നു.