കാസർഗോഡ്: പ്രായപൂർത്തിയാകാത്ത മകനെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന അമ്മ അറസ്റ്റിൽ. കാസർഗോഡ് ചീമേനി സ്വദേശിനിയായ വി.പി. ആയിഷാബി (43) എന്ന യുവതിയെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തനംതിട്ട തിരുവല്ലയിൽനിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ അമ്മയെ കാണാൻ വളർന്നു വലുതായ മകനും മകളും എത്തിയിരുന്നു. പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് മകൻ കോടതിയെ അറിയിച്ചതോടെ യുവതിക്ക് ജാമ്യം അനുവദിച്ചു.

2013ൽ ബാലനീതി നിയമപ്രകാരം ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആയിഷാബി പ്രതിയായത്. കുടുംബവഴക്കിനെ തുടർന്ന് മകനെ ക്രൂരമായി മർദിച്ചെന്നാരോപിച്ച് ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ആര്യ എന്ന പേര് സ്വീകരിച്ച് പത്മനാഭൻ എന്നയാളോടൊപ്പം താമസിച്ചിരുന്ന ഇവർ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഹോം നേഴ്സായി ജോലി ചെയ്തു. മൊബൈൽ ഫോൺ ഉപയോഗിക്കാതെയും നാട്ടിലെ ബന്ധുക്കളുമായി സമ്പർക്കം പുലർത്താതെയും കഴിഞ്ഞതിനാൽ ഇവരെ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഹോം നേഴ്സുമാരെ ജോലിക്ക് ഏർപ്പെടുത്തുന്ന ഏജൻസി വഴി ആയിഷാബിയെ കണ്ടെത്തിയത്. ഇതിനിടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് താമസം മാറിയിരുന്നു. മകനും വിവാഹിതനായി. ഏറെക്കാലമായി എവിടെയാണെന്ന് അറിയാതിരുന്ന അമ്മയെ വീണ്ടും കാണാനായതിന്റെ ആശ്വാസത്തിലായിരുന്നു മക്കൾ. കോടതിയുടെയും പൊലീസിന്റെയും അനുമതിയോടെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആയിഷാബിയും പങ്കുവച്ചു. കേസ് കോടതിയുടെ പരിഗണനയിൽ തുടരുന്നതിനാൽ തുടർനടപടികളിൽ കോടതി തീരുമാനമെടുക്കും