ജാഗ്രത തുടർന്നേ മതിയാവൂ എച്ച്ഐവിയെ കീഴ്പ്പെടുത്താനാവാത്തതുപോലെ കൊറോണ വൈറസും അജയ്യരായി തുടർന്നേക്കാം

ജാഗ്രത തുടർന്നേ മതിയാവൂ എച്ച്ഐവിയെ കീഴ്പ്പെടുത്താനാവാത്തതുപോലെ കൊറോണ വൈറസും അജയ്യരായി തുടർന്നേക്കാം
May 07 13:33 2020 Print This Article

കൊറോണ വൈറസ് രോഗത്തിനെതിരെ ഒരു വാക്സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർക്കാവില്ലെന്ന് ലോകത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. മുൻപ് എച്ച്ഐവിയും ഡെങ്കിയും വന്നപ്പോഴത്തെപ്പോലെ ആകും ഇതുമെന്ന് റിപ്പോർട്ട് പറയുന്നു.

നൂറിലധികം വാക്സിനുകൾ ഇപ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു മുൻപുള്ള ഘട്ടത്തിലാണ്. ഏതാനും ചിലത് മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുമെത്തി. ഓക്സ്ഫസഡ് സർവകലാശാല ചിമ്പാൻസിയിൽ വൈറസ് പരീക്ഷിച്ചു. യുഎസിൽ ഒരു വാക്സിൻ മനുഷ്യരിലും പരീക്ഷിച്ചു.

“ചില വൈറസുകൾക്കെതിരെ ഇപ്പോഴും നമുക്ക് വാക്സിൻ ഇല്ല “– ലണ്ടനിലെ ഇംപീരിയൽ കോളജിലെ പ്രൊഫസറായ ഡോ. ഡേവിഡ് നബാറോ സിഎൻഎന്നിനോടു പറഞ്ഞു. ”വാക്സിൻ ലഭ്യമാകുമോ ഇല്ലയോ എന്ന് നമുക്ക് കൃത്യമായി പറയാനാകില്ല. അവ സുരക്ഷാപരിശോധനകളിൽ വിജയിക്കുമോ എന്നും പറയാനാകില്ല”- ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 പ്രത്യേക ദൂതൻ കൂടിയായ നബാറോ പറഞ്ഞു.

ഒരു വർഷം മുതൽ ഒന്നര വർഷത്തിനുള്ളിൽ വാക്സിൻ വരുമെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്‌ഷ്യസ് ഡിസീസ് ഡയറക്ടറായ ആന്റണി ഫൗസ്യ പറയുന്നത്. മറ്റുള്ളവർ പറയുന്നത് അതിലുമധികം സമയമെടുക്കുമെന്നാണ്.

എച്ച്ഐവിയും മലേറിയയും പോലെ കൊറോണ വൈറസ് വളരെ പെട്ടെന്ന് ജനിതകമാറ്റം സംഭവിക്കാത്തതിനാൽ, കോവിഡ് 19ന് വാക്സിൻ കണ്ടുപിടിക്കാനാകും എന്ന ആത്മവിശ്വാസം വിദഗ്ദരിൽ പലർക്കുമുണ്ട്.

വാക്സിൻ വികസിപ്പിക്കുക എന്നത് വളരെ സാവധാനവും വേദന നിറഞ്ഞതുമായ പ്രക്രിയ ആണെന്നാണ് നബോറ ചൂണ്ടിക്കാട്ടുന്നത്.

” ഉയർന്ന പ്രതീക്ഷകളാണ്, നിങ്ങൾക്ക് ഒടുവിൽ പ്രതീക്ഷകൾ നശിക്കും. നമ്മൾ ജീവശാസ്ത്രപരമായ സംവിധാനത്തോടാണ് ഇടപെടുന്നത്. അല്ലതെ യാന്ത്രിക സംവിധാനത്തോടല്ല. എങ്ങനെയാണ് ശരീരം പ്രതികരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമത് ” നബോറ പറഞ്ഞു. “ഒന്നു മുതൽ ഒന്നര വർഷം വരെ സമയം കൊണ്ട് ഇതുവരെ ഒരു വാക്സിനും ഉണ്ടായിട്ടില്ല. അതിനർഥം ഇത് അസാധ്യമാണെന്നല്ല. എന്നാൽ അതൊരു ധീരമായ നേട്ടം തന്നെയാകും. നമുക്ക് പ്ലാൻ എ, പ്ലാൻ ബി ഇവ ആവശ്യമാണ്” ഹൂസ്റ്റണിലെ ബെയ്‍ലർ കോളജ് ഓഫ് മെഡിസിനിലെ ഡീൻ ആയ ഡോ. പീറ്റർ ഹോട്ടെസ് പറഞ്ഞു.

ഓക്സ്ഫഡ് വാക്സിൻ ഗ്രൂപ്പിലെയും ഓക്സ്ഫഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ കോവിഡ് 19നുള്ള ഒരു വാക്സിൻ കാൻഡിഡേറ്റിനെ തിരിച്ചറിഞ്ഞു. ChAdOxlnCov-19 എന്ന വരാൻ പോകുന്ന വാക്സിൻ, അഡിനോവൈറസ് വാക്സിൻ വെക്ടറിനെയും SARS-COV-2 സ്പൈക്ക് പ്രോട്ടീനെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ആകെ 102 കാൻഡിഡേറ്റ് വാക്സിനുകൾ വികസിപ്പിച്ചുവരുകയാണെന്നും എട്ട് പ്രധാന വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കോവിഡ് 19ന് നിരവധി ചികിത്സകൾ പരീക്ഷിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആന്റി എബോള മരുന്നായ remdesivir ഉം ബ്ലഡ് പ്ലാസ്മ ചികിത്സകളും ഗവേഷകർ പരീക്ഷിച്ചു വരുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ ഹൈഡ്രോക്സി ക്ലോറോക്വിൻ രോഗം ഗുരുതരമായി ബാധിച്ചവരിൽ പ്രവർത്തിക്കില്ല.

കോവിഡ് 19നെതിരെ ഒരു വാക്സിൻ വികസിപ്പിക്കാത്തിടത്തോളം നാം നമ്മളെതന്നെ കരുതേണ്ടതാണെന്ന് നബാറോ പറയുന്നു. ലോകത്തെല്ലായിടത്തുമുള്ള എല്ലാ സമൂഹങ്ങളും കൊറോണ വൈറസിനെ ഒരു ഭീഷണിയായിക്കണ്ട് അതിനെതിരെ പൊരുതണമെന്നും ഇതിനിടയിലും സാമ്പത്തികവും സാമൂഹികവുമായ ജീവിതക്രമം പിന്തുടരേണ്ടതുണ്ടെന്നും നബാറോ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles