ബെംഗളൂരുവില്‍ ഏഴ് വയസുകാരി മകളെ അമ്മ നാല് നിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ജെപി നഗറിലെ ജരഗനഹള്ളിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അഷിക സര്‍ക്കാര്‍ എന്ന ശ്രേയയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രേയയെ നാട്ടുകാര്‍ ചേര്‍ന്ന് ആസുപത്രിയിലെത്തിച്ചെങ്കിലും കൊല്ലപ്പെട്ടിരുന്നു.

ഉച്ചയോടെ സ്വാതി മകളെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. അപ്പോള്‍ തന്നെ താഴെയെത്തി അവളെ എടുത്തുകൊണ്ട് തിരിച്ച് പോവുകയും ചെയ്തു. ശ്രേയയുടെ ശരീരത്തില്‍ നിന്ന് രക്തം പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കാര്യം അന്വേഷിച്ചെങ്കിലും സ്വാതി അവരോട് തട്ടിക്കയറുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കൂയെന്നു പറഞ്ഞുപോയ അവര്‍ കുഞ്ഞിനെ വീണ്ടും താഴേക്കു വലിച്ചെറിയുകയായിരുന്നു.

ഇതിന് ശേഷം രക്ഷപ്പെടാന്‍ നോക്കിയ സ്വാതിയെ നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ച് കെട്ടിയിട്ട് പൊലീസിനെ ഏല്‍പ്പിച്ചു. തന്റെ മകളെ എന്തും ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നും അതു ചോദ്യം ചെയ്യാന്‍ നിങ്ങളാരാണെന്നു പറഞ്ഞ് പൊലീസിനോട് സ്വാതി തട്ടിക്കറയുകയും ചെയ്തിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. മുതിര്‍ന്ന ബിസിനസ് അനലിസ്റ്റ് കഞ്ചന്‍ സര്‍ക്കാരാണ് സ്വാതിയുടെ ഭര്‍ത്താവ്. ടീച്ചറായിരുന്ന ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. മുന്‍പും സ്വാതി മകളെ കെട്ടിടത്തിനു മുകളില്‍നിന്ന് വലിച്ചെറിയാന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംസാരശേഷിക്കുറവ് പ്രകടിപ്പിച്ചിരുന്ന കുട്ടി പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നതെന്നും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.