ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് തള്ളിക്കളഞ്ഞു.

ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക്ഡൗൺ കാലത്ത് അധ്യാപനം നിർത്തിവെച്ച ഇവർ മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ടു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുളള ശ്രമങ്ങൾ പോലീസ് തുടങ്ങി.

ഷാഹിദ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ ്ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നൽകിയിരുന്നെന്ന് ഭർത്താവ് സുലൈമാൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിന്റെ തലേദിവസം ഷാഹിദ അയൽവീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. പുലർച്ചെ ആറുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഷാഹിദ പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.