യുകെയില്‍ 143 സ്റ്റോറുകള്‍ സ്വന്തമായുള്ള മദര്‍കെയര്‍ മൂന്നിലൊന്ന് സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നു. ഹൈസ്ട്രീറ്റിലെ മത്സരത്തില്‍ നിലനില്‍പ്പ് മാത്രം ലക്ഷ്യമിട്ടാണ് മദര്‍കെയറിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കമ്പനി കടങ്ങള്‍ തിരിച്ചടക്കാന്‍ സൗകര്യം നല്‍കുന്ന കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നഷ്ടമുണ്ടാക്കുന്ന 50 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വാടകയിനത്തിലുള്ള നഷ്ടം കുറയ്ക്കാനാണ് നീക്കം.

ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സ്റ്റോറുകള്‍ അടച്ചു തുടങ്ങിയിരുന്നു. 143 സ്‌റ്റോറുകളില്‍ നിന്ന് 100നും 80നുമിടയിലുള്ള സ്‌റ്റോറുകളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം ചുരുങ്ങി. പുറത്താക്കിയ ന്യൂട്ടന്‍ ജോണ്‍സ് എന്ന മുന്‍ ചീഫ് എക്‌സിക്യൂട്ടീവിന് കീഴില്‍ കമ്പനിയുടെ കടം 38 മില്യനില്‍ നിന്ന് 50 മില്യന്‍ പൗണ്ടായി ഉയര്‍ന്നിരുന്നു. കമ്പനിയെ രക്ഷിക്കാനുള്ള പാക്കേജ് ഫലം കാണാത്തതിനാല്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ച സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.

കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ചെയിന്‍ പ്രതിസന്ധിയിലായതോടെ യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ സെയിന്‍സ്ബറീസ് കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു വരികയാണ്. കടങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് മദര്‍കെയര്‍ തങ്ങളുടെ ലെന്‍ഡര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ടെസ്‌കോ മുന്‍ എക്‌സിക്യൂട്ടീവ് ആയ ഡേവിഡ് വുഡ് ആണ് കമ്പനിയുടെ പുതിയ തലവന്‍.