വിനോദയാത്രയ്ക്കായി ഗോവയിലേക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ യാത്ര അവസാനിച്ചത് ദുരന്തമുഖത്ത്. മഹാരാഷ്ട്രയിൽ താമസിക്കുന്ന പുല്ലഴി സ്വദേശി മധുസൂദനൻ നായരും ഭാര്യ ഉഷയും മകൻ ആദിത്യയും ട്രാവലർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഇതോടെ മകൾ അർച്ചന ഒരു നിമിഷം കൊണ്ട് അനാഥയായി മാറി. അർച്ചനയും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നു. നിസാരപരിക്കുകളോടെ അപകടത്തിൽ നിന്നും അർച്ചന രക്ഷപ്പെട്ടു. സംസ്കാര ചടങ്ങുകൾക്കായി പുല്ലഴിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ കൂടെ അനുഗമിച്ചെത്തിയ അർച്ചന എല്ലാവർക്കും നൊമ്പരമായി.
തന്നെ തനിച്ചാക്കി കുടുംബമൊന്നാകെ മരണത്തിന് കീഴടങ്ങിയതിന്റെ ആഘാതത്തിലാണ് അർച്ചന ഇപ്പോഴും. അർച്ചനയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ പുല്ലഴിയിലെ കുടുംബവീട്ടിൽ കൂടിയ ബന്ധുക്കളും പതറുകയാണ.്
ദീപാവലി അവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്ക് എത്തുന്നതായിരുന്നു മധുസൂദനൻ നായരുടെ പതിവ്. എന്നാൽ, ഇത്തവണ കോവിഡ് കാലമായതിനാൽ സുരക്ഷയെ കരുതി യാത്ര ഗോവയിലേക്ക് ആക്കുകയായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും യാത്രയിൽ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച പൂണെ-ബെംഗളൂരു ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ നദിയിലേക്ക് മറിയുകയായിരുന്നു.
അപകടമുണ്ടായ ദിവസം മധുസൂദനൻ നായരുടെ ജന്മദിനം കൂടിയായിരുന്നു. അപകടവിവരമറിഞ്ഞ് കുടുംബാംഗങ്ങൾ സത്താറയിലേയ്ക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച മൂന്നു മണിയോടെ മൃതദേഹങ്ങൾ മഹാരാഷ്ട്രയിൽനിന്ന് ആംബുലൻസിൽ പുല്ലഴിയിലെത്തിച്ചു. തറവാട്ടുവീടിന്റെ അകത്തളത്തിൽ പൊതുദർശനത്തിന് കിടത്തിയ മൃതദേഹങ്ങൾ ചെറുതുരുത്തിയിലെ പുണ്യതീരത്ത് സംസ്കരിച്ചു.
Leave a Reply