തിരുവനന്തപുരം/എടത്വാ: കഴിഞ്ഞ ഏഴ് വര്‍ഷമായി എടത്വായിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് 2018 ജൂണ്‍ മാസം 23ന് നേരിട്ട ശാരീരിക മാനസിക പീഢനം എടത്വാ പോലീസില്‍ യഥാസമയം അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാല്‍ ജീവനക്കാരി സമര്‍പ്പിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടു. അടിയന്തരമായി വസ്തുനിഷ്ടാപരമായി അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോടാണ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപെട്ടിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ തലവടി കുന്തിരിക്കല്‍ വാലയില്‍ വി.സി.ചാണ്ടി (ബേബികുട്ടി) ക്കെതിരെയാണ് ആനാരി സ്വദേശിയായ ജീവനക്കാരി പരാതി നല്‍കിയത്. ജീവനക്കാരിയും സ്ഥാപന ഉടമയും മകനും കടയില്‍ ഇരിക്കുമ്പോള്‍ വി.സി. ചാണ്ടി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ഉടന്‍ തന്നെ ഒരു കൂട്ടം യുവാക്കളും കടയുടെ വാതില്‍ അടഞ്ഞു നിന്നു. വി.സി.ചാണ്ടി അസഭ്യം സംസാരിച്ചുകൊണ്ട് യാതൊരു കാരണവും കൂടാതെ ആക്രോശിച്ച് കടയ്ക്കുള്ളില്‍ കയറി സ്ഥാപന ഉടമയെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനെയും ഉപദ്രവികുന്നത് കണ്ട് ജീവനക്കാരി നിലവിളിച്ച് തടസ്സം പിടിച്ചപ്പോള്‍ ജീവനക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തില്‍ അശ്ലീല ഭാഷ സംസാരിച്ചും അസഭ്യം പറഞ്ഞുകൊണ്ട് ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആണ് മൂന്ന് പേരെയും എടത്വാ ഗവ.ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്ഥാപന ഉടമയുടെ നില ഗുരുതരമാകയാല്‍ അടിയന്തിര ചികിത്സ നല്‍കി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. വിദഗ്ദ്ധ പരിശോധനയില്‍ തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ ഏഴ് ദിവസത്തോളം അഡ്മിറ്റ് ആയിരുന്നു. സ്ഥാപന ഉടമയ്ക്ക് നേരെ ഇദ്ദേഹം വധഭീഷണി ഉയര്‍ത്തിയിരുന്നതിനാല്‍ 2018 മെയ് 29 നും ജൂണ്‍ 9 നും എടത്വാ പോലീസിലും ജൂണ്‍ 21 ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ആക്രമവിവരം യഥാസമയം പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

രണ്ട് ദിവസം കഴിഞ്ഞെത്തിയ ജീവനക്കാരി പതിവു പോലെ കട തുറക്കാന്‍ 26-6-2018 ന് എത്തിയപ്പോള്‍ കടയുടെ പൂട്ട് മാറ്റി ഇട്ടിരിക്കുന്നതായി കണ്ടു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പേഴ്‌സ് ഉള്‍പ്പെടെ പണം അടങ്ങിയ ജീവനക്കാരിയുടെ ബാഗ് കടയ്ക്കുള്ളില്‍ അകപെട്ടതിനാലും തനിക്ക് നേരിട്ട അക്രമവിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാലും ഈ വിവരങ്ങള്‍ എല്ലാം കാണിച്ച് ജൂണ്‍ 27 ന് എടത്വാ പോലീസ് സ്റ്റേഷനില്‍ ജീവനക്കാരി സഹോദരനോടൊപ്പം നേരിട്ട് ഹാജരായി സങ്കടം ബോധിപ്പിച്ച് പരാതി നല്‍കുകയായിരുന്നു. വി .സി .ചാണ്ടിയുടെ ഉന്നത സാമ്പത്തിക ശേഷിയും സ്വാധിനവും മൂലം കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലും മൊഴി പോലും രേഖപെടുത്തുവാന്‍ തയ്യാര്‍ ആകാഞ്ഞതിനാലും കേസ് രജിസ്റ്റര്‍ ചെയ്ത് നീതീ പൂര്‍വ്വമായി അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടാണ് ജീവനക്കാരി വനിതാ കമ്മീഷന് പരാതി സമര്‍പ്പിച്ചത്. കൂടാതെ മുഖ്യമന്ത്രി ഉള്‍പെടെ ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട് ,വനിതാ സെല്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിക്കെതിരെ ആഗസ്റ്റ് 9ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ റിപ്പോര്‍ട്ട് കോടതി സെപ്റ്റംബര്‍ 3ന് ആവശ്യപ്പെട്ടെങ്കിലും സെപ്റ്റംബര്‍ 24 വരെ എടത്വാ പോലീസ് സമര്‍പ്പിച്ചിട്ടില്ല. സംഭവത്തിന് സാക്ഷിയും ഇരയുമായ വിദ്യാര്‍ത്ഥിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി രേഖപെടുത്തി. എന്നാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി 2 തവണ റിപ്പോര്‍ട് ആവശ്യപെട്ടിട്ടും എടത്വാ പോലീസ് സെപ്റ്റംബര്‍ 11 വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ കേരള സംസ്ഥാന ബാലവകാശ സംരംക്ഷണ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ മൊഴി സ്‌കൂളിലെത്തി രേഖപെടുത്തി.