കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം കരിയാറിൽ മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തു. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാൻചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിയിൽ സജി മെഗാസ് (46),​ ഡ്രൈവർ തിരുവല്ല ഇരവിപേരൂർ ഓതറ കൊച്ച് റാം മുറിയിൽ ബിബിൻ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയർഫോഴ്സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്കൂബാ ഡൈവ് യൂണിറ്റുകളും അഗ്നിശമന സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാർ എഴുമാംകായലുമായി ചേരുന്ന അറുപതിൽ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് എസ്. നായർ (29), റിപ്പോർട്ടർ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരൻ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർപാറേൽ കോളനിയിൽ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാർ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറയിൽ ഭാഗത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയതാണിവർ. ദൃശ്യങ്ങൾ പകർത്തിയ ശേഷം വള്ളത്തിൽ മടങ്ങുമ്പോൾ ആറിന്റെ മദ്ധ്യഭാഗത്തുവച്ച് കാറ്റിൽ ഉലഞ്ഞ് വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടൻ വള്ളം ഊന്നിയിരുന്ന അഭിലാഷ്, മറ്റു നാല് പേരേയും മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചു നിറുത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവർ വള്ളത്തിൽ അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്ട് പേരെ ഈ വള്ളത്തിലേക്ക് കയറ്റിയെങ്കിലും മറ്റ് രണ്ട് പേർ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാണു പോയി. സജിയെ അഭിലാഷ് ഒരു വട്ടം കൂടി ഉയർത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.