ഷെറിൻ പി യോഹന്നാൻ

ചെറിയ മോഷണങ്ങൾ നടത്തി പല തവണ പൊലീസ് പിടിയിലായ ആളാണ് രാജീവൻ. പൊലീസിനെ പേടിച്ച് ഹോസ്ദുർഗിൽ നിന്നും രക്ഷപെട്ടോടുന്ന രാജീവൻ ചീമേനിയിലാണ് ചെന്നെത്തുന്നത്. മോഷണം മതിയാക്കി ജീവിക്കാൻ തുടങ്ങിയ രാജീവന്റെ മേൽ അപ്രതീക്ഷിതമായി ഒരു മോഷണകുറ്റം ആരോപിക്കപ്പെടുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ ശ്രമിക്കുകയാണ്; നിയമത്തിന്റെ പിന്തുണയോടെ.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയും താല്പര്യമുണർത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിൽ നിന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ചിരിക്കാഴ്ചകൾ കൂടിയിട്ടേ ഉള്ളൂ. ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളുള്ള ഒരു ‘അൺറിയലിസ്റ്റിക്’ കോർട്ട് റൂം ഡ്രാമ.

രാജീവന്റെ നിയമപോരാട്ടത്തിന് പതുക്കെ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. പട്ടി കടിക്കാനുള്ള കാരണം റോഡിലെ കുഴിയാണെന്നും അതിനുത്തരവാദി പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്നുമുള്ള വാദം ചിത്രം അതിസമർത്ഥമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. ഒരു ചങ്ങല പോലെ സംഭവങ്ങളെ കോർത്തിണക്കിയ രീതിയും മികച്ചു നിൽക്കുന്നു. സാന്ദർഭിക തമാശകളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. കോടതിമുറിക്കുള്ളിലെ ചിരിയും സാക്ഷിവിസ്താരവും പെട്രോൾ വിലയിലൂടെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രീതിയും ഇമ്പ്രെസീവായി അനുഭവപ്പെട്ടു.

പെട്രോൾ വില എഴുപതായ സമയത്താണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് സെഞ്ചുറിയടിച്ച സമയത്തും. കാസർഗോഡ് ഭാഷയെ സുന്ദരമായി സിനിമയിൽ പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ് മറ്റൊരു പ്രധാന ആകർഷണം. രൂപത്തിലും ഭാവത്തിലുമെല്ലാം രാജീവൻ. ഗായത്രി, കൃഷ്ണൻ വക്കീൽ, മജിസ്‌ട്രേറ്റ് , ഷുക്കൂർ വക്കീൽ തുടങ്ങി എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

കഥാപാത്രനിർമിതി, സ്വാഭാവികമായ സംഭാഷണം, തിരക്കഥ, സംവിധായകന്റെ ക്രാഫ്റ്റ്‌ തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയെ മികച്ചതാക്കുന്നു. രണ്ടാം പകുതിയിൽ അല്പം നീളക്കൂടുതൽ അനുഭവപ്പെടുമെങ്കിലും അതൊരു കുറവല്ല. കേരളത്തിന്റെ റോഡുകളിലെ കുഴികൾ വാർത്തകളിൽ നിറഞ്ഞ സമയത്ത് തന്നെ ഒരു സിനിമ റിലീസ് ചെയ്യുന്നു. അതിന്റെ പരസ്യവാചകം കണ്ട് സൈബർ സഖാക്കളുടെ കുരു പൊട്ടുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുന്നു…. എന്തൊക്കെ വൈരുദ്ധ്യങ്ങളാണല്ലേ..

Bottom Line – ‘ന്നാ താൻ കേസ് കൊട്’ – അധികാരത്തിന്റെ, ഫാസിസ്റ്റ് സ്വഭാവമുള്ള വാചകമാണിത്. നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നവതരിപ്പിക്കുകയാണ് സംവിധായകൻ. തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ആക്ഷേപഹാസ്യ ചിത്രം.