പല വിചിത്രങ്ങളായ ജീവികളും പലപ്പോഴും ലോകത്തിന്റെ പല ഭാഗത്തും തീരത്ത് അടിയാറുണ്ട്. അതുപോലെ കടലിലും അങ്ങനെയുള്ള പല ജീവികളെയും കാണാറുണ്ട്. സാധാരണ മനുഷ്യരെ മാത്രമല്ല വിദഗ്ദ്ധരെയും ഇതിൽ പലതും കുഴപ്പിക്കാറുമുണ്ട്. അതുപോലെ ഒരു ജീവിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് കരീബിയനിലാണ്.
പ്യൂർട്ടോ റിക്കോയിലെ കരീബിയൻ കടലിന്റെ അടിത്തട്ടിൽ അസാധാരണ രൂപത്തിലുള്ള ഒരു ‘ബ്ലൂ ഗൂ’ പോലെയുള്ള കടൽ ജീവിയെയാണ് കണ്ടെത്തിയത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ഒകിയാനോസ് (NOAA) എക്‌സ്‌പ്ലോറർ ക്രൂവാണ് ഇതിനെ കണ്ടെത്തിയത്. ഓഗസ്റ്റ് 30 -ന് സെന്റ് ക്രോയ്‌ക്‌സിന് തെക്ക് 1,400 അടി ആഴത്തിലുള്ള ആഴക്കടലിലാണ് ഈ അസാധാരണ രൂപത്തിലുള്ള ജീവിയെ കണ്ടെത്തിയത്.
ഈ സംഘം തന്നെയാണ് ട്വിറ്റർ അക്കൗണ്ടിൽ ജീവിയുടെ വീഡിയോ പങ്ക് വച്ചത്. അതിൽ അതിന് പ്രത്യേകിച്ച് രൂപമോ മുഖമോ ഇല്ല. ഒരുതരം ഇളം നീല നിറമാണ്. അതുപോലെ തന്നെ ഇതിന് കൈ കാലുകളും ഇല്ല. അതുപോലെ അതിന് ദേഹത്ത് ഒരു തരം കുമിളകൾ പോലെ എന്തോ കാണുന്നുണ്ട്.
ഈ ബ്ലൂ ഗൂവിനെ പോലെ തോന്നിക്കുന്ന ജീവി അത്ഭുതപ്പെടുത്തി എന്നും അക്കൗണ്ടിൽ എഴുതിയിട്ടുണ്ട്. അതിന് സ്വയം നീളാനും ചുരുങ്ങാനും കഴിയും എന്ന് ഒരു വിദഗ്ദ്ധൻ വിലയിരുത്തി. ഇത് പവിഴമോ മറ്റോ ആയിരിക്കും എന്നാണ് ആദ്യം ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ, അതല്ല ഇത് എന്താണ് എന്നത് ദുരൂഹമായി തുടരുകയാണ്.
NOAA ടീം മെയ് 14 -നും സെപ്റ്റംബർ 2 -നും ഇടയിലുള്ള ‘വോയേജ് ടു ദ റിഡ്ജ് 2022’ പര്യവേഷണത്തിനിടെയാണ് ഈ കണ്ടെത്തൽ നടത്തിയത്.
Leave a Reply