സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവം അവിടുത്തെ ദിവ്യകുമാരന്റെ ആഗമനത്തിന് ലോകത്തെ അനേക സഹസ്രാബ്ദങ്ങള്‍ ഒരുക്കിയിട്ടും അവിടുന്ന് ലോകത്തില്‍ അവതീര്‍ണ്ണനായപ്പോള്‍ അവിടുത്തേയ്ക്ക് വന്നു പിറക്കുവാന്‍ സ്ഥലമില്ല എന്ന വസ്തുതയാണ് നാം കാണുന്നത്. ഇത് ദിവ്യ ജനനിക്ക് എത്ര വേദനാജനകമായിരുന്നു. ഇന്നത്തെ ലോകത്തിലും മതങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും ക്രിസ്തുവിനെ ബഹിഷ്‌കരിച്ച് ക്രിസ്തുവില്ലാത്ത ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ പരിശ്രമിക്കുകയാണ്. അതിനാല്‍ പരിശുദ്ധ കന്യകയിലൂടെ ക്രിസ്തുവിനെ വീണ്ടും പ്രസ്തുത രംഗങ്ങളിലെല്ലാം പ്രതിഷ്ഠിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്റെ ആദ്യത്തെ ആഗമനത്തിന് മേരി കളമൊരുക്കി.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അങ്ങേ വിരക്ത ഭര്‍ത്താവായ യൗസേപ്പിനോടു കൂടി ബത് ലഹത്ത് ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ടു ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനിക ലോകം അവിടുത്തെ തിരുക്കുമാരനെ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്‌കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത തരംഗങ്ങളിലെല്ലാം അങ്ങേ തിരുകുമാരന് പ്രവേശനം നല്‍കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.. പ്രത്യേകമായി ഞങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ ഞങ്ങള്‍ രാജാവായി അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ..

സുകൃതജപം.
സ്വര്‍ഗ്ഗരാജ്ഞീ..
ഞങ്ങളെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിനര്‍ഹമാക്കേണമേ…