അച്ഛനും അമ്മയും ഇല്ലാതെ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങള്‍ക്കായി കൂലിപ്പണി എടുത്ത് താങ്ങാവുകയാണ് 18കാരന്‍ നാഗരാജ്. ബദിയഡുക്ക കുംബഡാജെ കാജ കാരയ്ക്കാട് എസ്.സി. കോളനിയിലെ നാഗരാജ് ആണ് സഹോദരങ്ങളായ ഹര്‍ഷരാജ്, അപര്‍ണ, സനത്ത്രാജ് എന്നിവര്‍ക്കാണ് സ്വന്തം ജീവിതം മാറ്റിവെച്ച് നാഗരാജ് കുടുംബഭാരം ഏറ്റെടുത്തത്.
ദുരിതങ്ങള്‍ക്കിടയിലും കുട്ടികളെ പഠിപ്പിക്കുന്നതിലായിരുന്നു രാഘവന്റെയും സീതയുടെയും ശ്രദ്ധ. രാപകല്‍ ജോലിചെയ്തും കടംവാങ്ങിയും അത്യാവശ്യം സൗകര്യമുള്ള വീടും അവര്‍ നിര്‍മിച്ചു. നാഗരാജ് പ്ലസ് ടു ജയിച്ചെത്തമ്പോഴേക്കും തലയില്‍ അര്‍ബുദം ബാധിച്ച് സീത മരണപ്പെട്ടു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന രാഘവന്‍ ഏപ്രില്‍ 13-ന് സ്വയം മരണംവരിക്കുകയായിരുന്നു. ഇതോടെ കുടുംബം അനാഥപ്പെട്ടു.
ദുരന്തങ്ങളില്‍ അടിപതറിയെങ്കിലും വിധിക്ക് കീഴടങ്ങാതെ സഹോദരങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള നീക്കത്തിലാണ് നാഗരാജ്. വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സ്വന്തം പഠനം ഉപേക്ഷിച്ചാലും നാലിലും പത്തിലും പഠിക്കുന്ന അനിയന്മാരെയും അഞ്ചാം ക്ലാസിലെ അനിയത്തിയെയും പഠിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി കൂലിവേല ചെയ്യുകയാണ് നാഗരാജ്.
അതിനിടയില്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് വെല്‍ഡിങ് പഠിച്ച് സ്വയംതൊഴില്‍ ചെയ്യാനും നാഗരാജിന് ആഗ്രഹമുണ്ട്. വീട് നിര്‍മിക്കാനായി രക്ഷിതാക്കള്‍ എടുത്ത കടം ഇപ്പോഴും ബാക്കിയാണ്. എസ്.സി. ബാങ്കില്‍നിന്നെടുത്ത എഴുപത്തഞ്ചായിരം രൂപ വായ്പയില്‍ ഇരുപതിനായിരം മാത്രമേ അടച്ചിട്ടുള്ളൂ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പന്ത്രണ്ടായിരത്തോളം രൂപയും അടയ്ക്കാന്‍ ബാക്കിയുണ്ട്.
ഈ കടങ്ങളും സഹോദരങ്ങളുടെ പഠിപ്പും നാഗരാജിന് വെല്ലുവിളിയാണ്. പഠനം ഓണ്‍ലൈനാവുമ്പോള്‍ സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ ക്ലാസും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം ഭക്ഷണത്തിനുതന്നെ തികയാതെ വരുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനോ മാസംതോറും റീചാര്‍ജ് ചെയ്യാനോ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് നാഗരാജ്.
Leave a Reply