സൗദിയിലെ മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകന്‍ പ്രിന്‍സ് മിതെപ് ബിന്‍ അബ്ദുല്ല അടക്കം നാലുപേരെ സൗദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാനിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതി നിലവില്‍ വന്നതായും രാജ്യത്തെ പ്രമുഖ മാധ്യമങ്ങളായ അറബ് ന്യൂസും സൗദി ഗസറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മന്ത്രി സഭയിലെ അഴിച്ചുപണി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നുണ്ട്.

അഴിമതിയുടെ പേരില്‍ 11 രാജ്യകുടുംബാംഗങ്ങളും പത്തിലേറെ മുന്‍മന്ത്രിമാരും അറസ്റ്റിലായെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സൗദിയിലെ ശതകോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനേയും അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദി നാഷണല്‍ ഗാഡ്‌സിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു മിതെബ്. നിതാഖതിന് തുടക്കമിട്ട മുന്‍ മന്ത്രിയും ഇപ്പോഴത്തെ സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ ആദില്‍ ഫഖീഹാണ് പുറത്താക്കപ്പെട്ട മറ്റൊരു മന്ത്രി.

പൊതുമുതല്‍ സംരക്ഷിക്കുന്നതിനും അഴിമതിക്കാരെ ശിക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുറത്താക്കലെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാനും യാത്ര വിലക്ക് ഏര്‍പ്പെടുത്താനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഫണ്ട് വിനിയോഗവും സമ്പത്തും നിരീക്ഷിക്കാനും അഴിമതി വിരുദ്ധ സമിതിക്ക് അധികാരമുണ്ടാകും. 2009 ലെ ജിദ്ദ പ്രളയവും മെര്‍സ് വൈറസ് പകര്‍ച്ചവ്യാധിയും പുനരന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് സമിതി.