നാഗ്പൂരില്‍ കായംകുളം സ്വദേശി നിതിന്‍ നായരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ പാലക്കാട് സ്വദേശി ശ്രുതി (സ്വാതി) റിമാന്‍ഡില്‍. അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിലായ ശേഷമാണ്  സ്വാതിയെ റിമാന്‍ഡ് ചെയ്തത്. നിതിന്‍ നായരുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ വ്യാഴാഴ്ച നാഗ്പുരിലെ ബജാജ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് നിതിനും സ്വാതിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സ്വാതി പിന്നീട് നിതിനുമായി പ്രണയത്തിലാവുകയായിരുന്നു. ശ്രുതിയുടേത് രണ്ടാം വിവാഹമായതിനാല്‍ നിതിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ അതിജീവിച്ചാണ് വിവാഹം നടത്തിയത്. നിതിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ഏപ്രില്‍ 29നാണ് നിതിന്‍ കൊല്ലപ്പെട്ടത്. കസേരയില്‍ നിന്ന് മറിഞ്ഞുവീണ് തലയിടിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു ശ്രുതി മൊഴി നല്‍കിയത്. എന്നാല്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സ്വാതിയും കുടുംബവും ഒളിവില്‍ പോകുകയായിരുന്നു.

പോലീസ് അന്വേഷണം ശക്തമാക്കിയപ്പോഴാണ് സ്വാതി കീഴടങ്ങിയത്. മണിക്കൂറുകള്‍ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തിന്റെ കാരണം സ്വാതി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് നാഗ്പൂര്‍ പോലീസ് നല്‍കുന്ന വിവരം.