ബീജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ രണ്ടു ദിവസം നീണ്ട മോഡി-ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ. ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടാനും ഇരു നേതാക്കളും ധാരണയായി. കാലാവസ്ഥ വ്യതിയാനം, കരുത്തേറിയ ഏഷ്യ കെട്ടിപ്പെടുക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇരുലോക നേതാക്കളും തീരുമാനിച്ചു. അതിര്‍ത്തിയില്‍ സൈനിക ബന്ധം മെച്ചപ്പെടുത്താനും വിശ്വസവും പരസ്പര ധാരണ സൃഷ്ടിക്കാനും ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ തീരുമാനമായെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് ഇരുനേതാക്കളും രണ്ടു ദിവസമായി അനൗപചാരികമായ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരുപടി കൂടി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ധാരണയില്‍ എത്തിയതായി ഷി ജിന്‍പിങ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോഡി ഉച്ചയ്ക്കു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. മോഡിയ്ക്കായി ജിന്‍പിങ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഭക്ഷണത്തിന്റെ മെനു കാര്‍ഡ് തന്നെ ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ളതാണ്. കാര്‍ഡിന്റെ മധ്യത്തില്‍ പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും പ്രസിഡന്റ് ജിന്‍പിങ് വ്യക്തിപരമായ ശ്രദ്ധ നല്‍കിയിട്ടുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ പറയുന്നൂ.