കേരളത്തിന് 460.77 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദേശീയ ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്തുള്ള അധിക സഹായമാണിത്. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂരില്‍ 2 പേര്‍. തൃശൂര്‍, കോഴിക്കോട്, കൊല്ലം ഒരാള്‍ വീതവും രോഗികള്‍. കൊല്ലത്തും കോവിഡ് വന്നതോടെ 14 ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആകെ 164 പേര്‍ ചികില്‍സയിലാണ്. 616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതി കൂടുതല്‍ ഗൗരവതരമെന്നും ഏതുസാഹചര്യത്തേയും നേരിടാനൊരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. രാജസ്ഥാനിലെ ബില്‍വാഡയില്‍ അറുപതുകാരനും കര്‍ണാടകയിലെ തുമകൂരില്‍ അറുപത്തിയഞ്ചുകാരനുമാണ് ഇന്ന് മരിച്ചത്. ഇതുവരെ 724 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നിര്‍ത്തിവച്ചത് ഏപ്രില്‍ 14വരെ നീട്ടി. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. ലോക് ഡൗണിന്‍റെ മൂന്നാം ദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്.
Leave a Reply