രണ്ട് വയസുകാരിയായ മകളെയും കൂട്ടി മൃഗശാലയിലെത്തിയ 25കാരനായ ജോസ് ഇമ്മാനുവല്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ മകളെയും കൊണ്ടുപോയത്. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്.

ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. ഒടുവില്‍ അത്ഭുതകരമായാണ് കുഞ്ഞും യുവാവും രക്ഷപ്പെട്ടത്. സംഭവത്തില്‍, കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗവാസസ്ഥലത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ജോസിനെ വിട്ടയച്ചത്.