തൃശൂരില്‍ നീതുവിന്റെ അരുംകൊലയില്‍ നടുങ്ങി നില്‍ക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും. കൊടകര ആക്സിസ് എഞ്ചിനീയറിങ് കോളജിൽ ബിടെക് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട 22 വയസ്സുകാരിയായ നീതു. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. ഏകമകളായിരുന്നു നീതു. മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. വടക്കേക്കാട് സ്വദേശിയാണ് 27 വയസ്സുകാരനായ നിധീഷ്. കൊച്ചിയിൽ ഒരു സ്ഥാപനത്തിൽ ബിസിനസ് കൺസൾട്ടന്റായി ജോലി ചെയ്തു വരുകയായിരുന്നു.

‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്!..’ തൃശൂരിൽ യുവതിയെ കൊലപ്പെടുത്തിയ യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികളാണിത്. എംബിഎ ബിരുദധാരിയായ നിധീഷും ബിടെക് വിദ്യാർത്ഥിനിയായ നീതുവും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്ത ടിക് ടോക് വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഇവയിലേറെയും നിധീഷും നീതുവും ഒരുമിച്ചുള്ള വിഡിയോകളാണ്. നീതുവുമായി പ്രണയത്തിലായ തിയതിയും വർഷവും ഉൾപ്പെടെ കടുത്ത പ്രണയം തുളുമ്പുന്ന വരികളും എഴുത്തുമാണ് പങ്കുവച്ചിരിക്കുന്നത്.

‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്’, ’അവൾ എന്റേതാണ്, അവളെ നോക്കിയാൽ അവരുടെ രക്തം ഞാനൂറ്റി കുടിയ്ക്കും’, ’എന്നെന്നും നീയെന്റേതാണ്’, ’മരണം വരെയും ഞാൻ നിന്നെ പ്രണയിക്കും’, ’എന്റെ പ്രിയപ്പെട്ട ഭാര്യ’ എന്നിങ്ങനെ തീവ്രമായ പ്രണയം വെളിപ്പെടുത്തുന്ന വരികളാണ് നിധീഷ് നീതുവിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. പലതും നീതുവിന്റെ വീട്ടിൽ വച്ചു ചിത്രീകരിച്ചവയാണ്. വീട്ടുകാർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിവുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോകൾ. ടിക് ടോക് പോലുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തിരുന്ന വിഡിയോ പക്ഷേ അരുംകൊലയ്ക്കു ശേഷമാണ് നാട്ടുകാർ പോലും കാണുന്നത്. വർഷം കഴിയുംതോറും തീവ്രത ഒട്ടും ചോരാതെ പ്രണയത്തിന്റെ വാർഷികം ആഘോഷിച്ചവർക്കിടയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് ഉത്തരമില്ലാതെ അവശേഷിക്കുന്നു.

നീതുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്ക്കരിച്ചു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യംചെയ്തേക്കും. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. പെട്രോള്‍ കുപ്പിയില്‍ നിന്നും കത്തിയില്‍ നിന്നും പ്രതിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. മുത്തശിയുടേയും അമ്മാവന്റേയും സാക്ഷിമൊഴികളും കേസില്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനെ സഹായിക്കും.