രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിലെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ പേരില്‍ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ന്യൂസിലന്റില്‍ അതിവേഗം വ്യാപിക്കുന്നതിനിടെയാണ് നിയന്ത്രണങ്ങളില്‍ സ്വന്തം വിവാഹം തന്നെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മാറ്റിവെച്ചത്. ന്യൂസിലന്റിലെ സാധരണക്കാരില്‍ നിന്നും താന്‍ വ്യത്യസ്ഥയല്ലെന്നാണ് വിവാഹം മാറ്റിവെച്ചത് സംബന്ധിച്ച് ചോദ്യത്തോട് ന്യൂസിലന്റ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ വിവാഹം അടുത്തുതന്നെ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനിടെയാണ് ഒമിക്രോണ്‍ വ്യാപനത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ന്യൂസിലന്റ് കടന്നത്.ജസീന്ത ആര്‍ഡേനും ദീര്‍ഘകാല പങ്കാളിയും ക്ലാര്‍ക്ക് ഗേഫോര്‍ഡ് ആര്‍ഡനും തമ്മില്‍ വിവാഹം അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പതിനായികണക്കിന് ന്യൂസിലന്റ് നിവാസികളില്‍ നിന്നു താന്‍ വ്യത്യസ്തയല്ലെന്നാണ് ജസീന്ത വ്യക്തമാക്കിയത്. വിവാഹം മാറ്റിവെച്ചതില്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തോട് ജീവിതം അങ്ങനെയാണെന്നാണ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചത്.

രാജ്യത്തെ ജനങ്ങളില്‍ പലരും കൊവിഡ് മഹാമാരിയുടെ വിനാശകരമായ ഫലം അനുഭവിക്കുന്നവരാണ്. ഗുരുതര കൊവിഡ് രോഗ ബാധയുള്ളപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാന്‍ ആകുന്നില്ലെന്നത് ദുഖകരമായ അവസ്ഥയാണെന്നും ജസീന്ത ചൂണ്ടിക്കാണിച്ചു. ന്യൂസിലന്റില്‍ കഴിഞ്ഞ ദിവസം ഒരു വിവാഹത്തെ തുടര്‍ന്ന് ഒന്‍പതോളം പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് മാസ്‌ക്ക് നിര്‍ബന്ധമാക്കുക, പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം വരുത്തുക, അടച്ചിട്ടമുറികളില്‍ ചടങ്ങുകള്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.