ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചു കഴിഞ്ഞ വർഷം ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ നടത്തിയ ബിസിനസ് മീറ്റിംഗ് വ്യാജമെന്ന് കണ്ടെത്തൽ. നിയന്ത്രണങ്ങൾ കൂടാതെ ക്രിസ്മസ് പാർട്ടി ഒരുക്കാൻ ‘ബിസിനസ് മീറ്റിംഗ്’ എന്ന പേര് കണ്ടെത്തുകയായിരുന്നു. ഇത് മറച്ചുവയ്ക്കാൻ നടത്തിയ തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായ അല്ലെഗ്ര സ്ട്രാട്ടണും നമ്പർ 10 ഡിജിറ്റൽ ഹെഡ് ആയ എഡ് ഓൾഡ് ഫീൽഡും നമ്പർ 9 ബ്രീഫിങ് റൂമിലിരുന്ന് ചോദ്യവും ഉത്തരവും പരസ്പരം പറഞ്ഞു പരിശീലിക്കുന്ന ദൃശ്യങ്ങളാണ് ഐടിവി ന്യൂസ്‌ പുറത്തുവിട്ടത്. ഡിസംബർ 18ന് നടന്ന വ്യാജ മീറ്റിംഗിന് ശേഷമാണ് കള്ളം പുറത്തുവരാതിരിക്കാനായി ഉദ്യോഗസ്ഥർ വിദഗ് ധമായി ആസൂത്രണം നടത്തിയത്.

അതിൽ ഡൗണിംഗ് സ്ട്രീറ്റ് ക്രിസ്മസ് പാർട്ടിയെക്കുറിച്ച് ഓൾഡ് ഫീൽഡ് ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇത്തരമൊരു പാർട്ടി നടന്നുവെന്ന് പ്രധാനമന്ത്രി അറിഞ്ഞാൽ എന്തുത്തരം നൽകുമെന്ന ചോദ്യത്തിന് ‘അത് ബിസിനസ് മീറ്റിംഗ് ആയിരുന്നുവെന്ന് പറയണമെന്ന്’ സ്ട്രാട്ടൺ ആവശ്യപ്പെടുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് അറിയിച്ചു.

പാർട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബോറിസ് ജോൺസൺ മുമ്പ് വിസമ്മതിച്ചതിനെ തുടർന്നാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്ന് സത്യം ബോധ്യമായതോടെ ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 18 ന് ലണ്ടൻ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നപ്പോഴാണ് ഈ പാർട്ടി നടന്നത്. വിദേശകാര്യ ഓഫീസിൽ നടന്ന പ്രതിവാര കാബിനറ്റിൽ പങ്കെടുക്കാൻ ജോൺസൺ ഡിസംബർ 15-ന് ഡൗണിംഗ് സ്ട്രീറ്റ് വിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ പാർട്ടി നടത്തിയെന്ന റിപ്പോർട്ടുകൾ ജോൺസൺ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ക്രിസ്മസ് പാർട്ടി നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്.