സ്വന്തം ലേഖകൻ
ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.
അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.
ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
Leave a Reply